തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കും. ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പട്ട് തിങ്കളാഴ്ച നടന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരിയിലെ ശമ്പളം പുതുക്കിയ നിരക്കില്‍ നല്‍കും. പരിഷ്‌കരിച്ച ശമ്പള സ്‌കെയില്‍ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് അപാകത ഉണ്ടെങ്കില്‍ തിരുത്തും. പ്രതിമാസം 20 ഡ്യൂട്ടിയില്‍ താഴെ ജോലി ചെയ്യുന്നവര്‍ക്ക് സപ്ലിമെന്ററി ആയി മാത്രമേ ശമ്പളം നല്‍കൂ എന്ന നിബന്ധന ഒഴിവാക്കും. ചൈല്‍ഡ് കെയര്‍ അലവന്‍സ് കാറ്റഗറി ഭേദമന്യേ എല്ലാ വനിതാ ജീവനക്കാര്‍ക്കും അനുവദിക്കും.
ഒഴിവുള്ള പോസ്റ്റുകളില്‍ ആശ്രിത നിയമനം നല്‍കുന്നതിനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണ കരടില്‍ അപാകതയുണ്ടെന്ന യൂനിയനുകളുടെ പരാതിയെ തുടര്‍ന്നാണ് തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തിയത്. ഗതാഗത മന്ത്രി തൊഴിലാളി സംഘടനാ പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച നാല് മണിക്കൂറോളം നീണ്ടു. മാസ്റ്റര്‍ സ്‌കെയിലിലെ അപാകതയുണ്ടെന്ന വാദം മന്ത്രി അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം യൂനിയനുകള്‍ അറിയിച്ചു. ഈ മാസം തന്നെ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രിയും ഉറപ്പുനല്‍കിയതായി തൊഴിലാളി നേതാക്കള്‍ പറഞ്ഞു.
ശമ്പള പരിഷ്‌കരണ കരാറില്‍ രണ്ട് മൂന്ന് ദിവസത്തിനകം ഒപ്പിടും. ഉടന്‍തന്നെ തിരുത്തിയ കരട് തൊഴിലാളി സംഘടനകള്‍ക്ക് കൈമാറും. തുടര്‍ന്ന് യൂനിയനുകളുടെ ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ചര്‍ച്ച നടത്തും. അഞ്ചാം തിയ്യതിയ്ക്ക് മുമ്പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ തൊഴിലാളി യൂനിയനുകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നതിനെക്കാള്‍ 15 കോടി രൂപയെങ്കിലും അധികമായി നല്‍കിയാല്‍ മാത്രമെ എല്ലാവര്‍ക്കും ശമ്പളം നല്‍കാനാവൂ.
45 വയസ് കഴിഞ്ഞവര്‍ക്ക് പകുതി ശമ്പളത്തില്‍ അവധി അനുവദിക്കുന്നത് ബാധ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ 25793 ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം 11 ഗ്രേഡുകളിലായി അടിസ്ഥാന ശമ്പളം 23,000 രൂപ മുതല്‍ 1,18,000 രൂപ വരെ മാസ ശമ്പളം വാങ്ങുന്നവര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ട്. നിലവില്‍ 84 കോടിയാണ് ശമ്പളം നല്‍കാന്‍ വേണ്ടത്. ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതോടെ 15 കോടി രൂപ അധികമായി കണ്ടെത്തണം. കെ സ്വിഫ്റ്റ് നടപ്പാവുന്നതോടെ ദീര്‍ഘദൂര ബസ്സുകളും അതിന്റെ വരുമാനവും അങ്ങോട്ടേക്ക് മാറ്റേണ്ടിയും വരും. ബാധ്യത മറികടക്കാന്‍ അധിക വരുമാനം കണ്ടെത്തണമെന്ന് പറയുന്നതല്ലാതെ വ്യക്തമായ പദ്ധതി സര്‍ക്കാരിനും ഇല്ല. 45 വയസ് കഴിഞ്ഞവര്‍ക്ക് പകുതി ശമ്പളത്തില്‍ 5 വര്‍ഷം അവധി നല്‍കാമെന്ന് പ്രാഖ്യാപിച്ചിട്ടുണ്ട്.