''ഇത് നിയമസഭയാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയല്ല''; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Update: 2023-03-02 07:13 GMT
ഇത് നിയമസഭയാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയല്ല; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെതിരേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സഭാനടപടികളുമായി സഹകരിക്കാനാവില്ലെന്നും ഇത് നിയമസഭയാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയല്ലെന്നും സതീശന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ജീവനക്കാരുടെ ആശങ്ക നിയമസഭ നിര്‍ത്തിവച്ച് ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനാണ് സ്പീക്കര്‍ അവതരാണാനുമതി നിഷേധിച്ചത്.

വിഷയം കോടതിയുടെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. മുന്‍കാല റൂളിങ്ങുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ഇതിനെതിരേ രംഗത്തുവന്നു. സ്പീക്കര്‍ തുടര്‍ച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭാ നടപടികളുമായി സഹകരിക്കാനാവില്ല. ഇത് നിയമസഭയാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രതിപക്ഷനേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കൃത്യമായി ചട്ടം പറഞ്ഞാണ് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പൂര്‍ണമായ നീതി നിഷേധം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. സര്‍ക്കാര്‍ ചോദ്യങ്ങളില്‍ നിന്ന് ഓടി ഒളിക്കുന്നു. ഒരുവിഷയത്തില്‍ ഒരു ചോദ്യം വന്നാല്‍ ആ വിഷയത്തില്‍ അടിയന്തര പ്രമേയം പാടില്ലെന്ന റൂളിങ് ശരിയല്ല. ചോദ്യം വന്നതല്ല കോടതിയില്‍ വിഷയം വരുന്നതുകൊണ്ടാണ് അനുമതി ഇല്ലാത്തതെന്ന് സ്പീക്കര്‍ വിശദീകരിച്ചു.

മുതിര്‍ന്ന അംഗമായ പ്രതിപക്ഷ നേതാവ് പുതുമുഖമായ ചെയറിനെതിരേ പറഞ്ഞത് ശരിയായില്ലെന്നും സ്പീക്കര്‍ പറഞ്ഞു. കാരണം പറയാതെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെത്തി പ്രതിഷേധം രേഖപ്പെടുത്തി. സ്പീക്കര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.

Tags:    

Similar News