സംഘ് പരിവാര്‍ ത്രിവര്‍ണ പതാകയുടെ പവിത്രതയെ പോലും മാനിക്കാത്തവര്‍: കെ കെ അബ്ദുല്‍ ജബ്ബാര്‍
കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കണ്ണൂര്‍: നമ്മുടെ രാജ്യത്തെ സവിശേഷമായ ബഹുസ്വരതയേയും വൈവിധ്യത്തെയും മതനിരപേക്ഷതയെയും തകര്‍ത്ത് ഏക മതരാഷ്ട്രം നടപ്പാക്കാനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും ത്രിവര്‍ണ്ണ പതാകയുടെ പവിത്രതയെ പോലും മാനിക്കാത്തവരാണ് ഫാഷിസ്റ്റുകള്‍ എന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.
എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് കാവല്‍ നില്‍ക്കും എന്ന സന്ദേശത്തില്‍ നടത്തിയ ഭരണഘടന സംരക്ഷണ വലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവച്ച് കൊന്നതിനും ബാബരി മസ്ജിദ് തകര്‍ത്തതിനും നിരോധിക്കപ്പെട്ട ആര്‍എസ്എസ്സിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുകയാണ് പോലിസെന്നും അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കി. രാവിലെ കണ്ണൂര്‍ കാല്‍ടെക്‌സില്‍ നടന്ന പരിപാടിയില്‍
ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി റിപ്പബ്ലിക് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസല്‍, ട്രഷറര്‍ ആഷിക്ക് അമീന്‍, സെക്രട്ടറി സുഫീറ അലി അക്ബര്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ശഫീഖ് സംസാരിച്ചു