സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 19 മുതല്‍

കരകൗശല മേഖല, കൈത്തറി മേഖല, കളിമണ്‍ പൈതൃക മേഖല, പരമ്പരാഗത കലാപ്രദര്‍ശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമണ്‍ പൈതൃക ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേകം ഒരുക്കുന്ന കളിമണ്‍ നിര്‍മ്മാണ പ്രദര്‍ശന പവലിയന്‍ ഈ മേളയുടെ സവിശേഷതയാണ്.

Update: 2019-11-18 14:32 GMT

കോഴിക്കോട്: ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷന്‍ ഡിസംബര്‍ 19 മുതല്‍ ജനുവരി ആറുവരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കും. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 500 കരകൗശല വിദഗ്ധര്‍ പങ്കെടുക്കും. ഇറാന്‍, കിര്‍ഗ്ഗിസ്ഥാന്‍, മൗറീഷ്യസ്, നേപ്പാള്‍, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍, സിംബാബ്‌വേ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും കരകൗശല വിദഗ്ധര്‍ മേളയില്‍ എത്തുന്നുണ്ട്.

ഡിസംബര്‍ 19ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മേളയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. കേരളത്തിലെ വിശിഷ്യ ഉത്തര കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത കലകളുടെയും കലാ കരകൗശല വിദഗ്ധരുടെയും ഉന്നമനത്തിന് ഉതകുന്നതുമാണ് മേള. താരതമ്യേനെ പിന്നോക്കാവസ്ഥയിലുള്ള ഉത്തരകേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് സര്‍ഗ്ഗാലയ മുതല്‍ക്കൂട്ടാകും.

കരകൗശല മേഖല, കൈത്തറി മേഖല, കളിമണ്‍ പൈതൃക മേഖല, പരമ്പരാഗത കലാപ്രദര്‍ശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമണ്‍ പൈതൃക ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേകം ഒരുക്കുന്ന കളിമണ്‍ നിര്‍മ്മാണ പ്രദര്‍ശന പവലിയന്‍ ഈ മേളയുടെ സവിശേഷതയാണ്. പരമ്പരാഗത കലാപരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള റൂറല്‍ ആര്‍ട്ട് ഹബ് പദ്ധതിയുടെ ഭാഗമായി സര്‍ഗാലയ അന്താരാഷ്ട്ര മേളയില്‍ പ്രത്യേക കരകൗശല കൈത്തറി പൈതൃക ഗ്രാമ പവലിയന്‍ ഒരുക്കുന്നുണ്ട്. ആദിവാസികള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള കലാവിരുന്നും ഉണ്ടായിരിക്കും.

വിനോദസഞ്ചാര വികസനത്തില്‍ പുത്തന്‍ അധ്യായം സൃഷ്ടിക്കുന്നതിനായി മേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര വകുപ്പ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് കേരളസര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി അഞ്ചിന് സര്‍ഗ്ഗാലയയില്‍ വച്ച് ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മേളയുടെ ഒരുക്കങ്ങള്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ സാംബശിവറാവു, യു എല്‍ സി സി എസ് എംഡി എസ് ഷാജു, സര്‍ഗ്ഗാലയ സി ഇ ഒ പിപി ഭാസ്‌കരന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News