സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആരും വിലക്കിയിട്ടില്ല: ശശി തരൂര്‍
ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പങ്കെടുക്കുന്നതില്‍ നിന്നും ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂര്‍. വിലക്കിയാല്‍ സോണിയാ ഗാന്ധിയുമായി ആലോചിച്ചു തീരുമാനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കു വയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സിപിഎം വേദികളിലെ കോണ്‍ഗ്രസ് സാന്നിധ്യം ജനങ്ങള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്നാണു കെപിസിസി നേതൃത്വം കരുതുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ പങ്കെടുക്കരുതെന്ന് എംപിമാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ വിലക്കുണ്ടെന്നു പറഞ്ഞു കോണ്‍ഗ്രസ് നേതാക്കള്‍ പിന്മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചിരുന്നു.