ആശയത്തെ ആര്‍എസ്എസ് ആയുധം കൊണ്ട് നേരിടുന്നു: സതീശന്‍ പാച്ചേനി

Update: 2019-07-27 15:19 GMT

കണ്ണൂര്‍: ആശയത്തെ ആശയം കൊണ്ട് നേരിടാതെ സംഘപരിവാര്‍ ശക്തികള്‍ അയുധം കൊണ്ട് നേരിടുകയാണെന്നും സാംസ്‌ക്കാരിക നായകരെയും മറ്റ് പ്രതിഭാധനരെയും ഭീഷണിപ്പെടുത്തി തളര്‍ത്തിക്കളയാം എന്നത് വ്യാമോഹം മാത്രമാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍

ആര്‍എസ്എസ് സ്വേച്ഛാധിപത്യത്തിനെതിരേ അടൂരിനൊപ്പം എന്ന പ്രമേയവുമായി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണ്ണറില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്‌ലറും മുസോളിനിയും സ്വീകരിച്ച ഫാസിസ്റ്റ് നയത്തിന്റെ തുടര്‍ച്ചപോലെ ഭാരതത്തില്‍ ജയ് ശ്രീറാം വിളിയുമായ് രാജ്യത്തെ പൗരന്‍മാരെ ആള്‍ക്കൂട്ടകൊല ചെയ്യുകയാണ്.

ഈ ഭീകര ശൈലിയിലേക്ക് നീങ്ങുന്ന സംഘപരിവാര്‍ സംഘടനകള്‍ ആധ്യാത്മികതയെ പോലും കപടമായ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. സാംസ്‌കാരിക നായകരുടെ വായ മൂടി കെട്ടി ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ഫാസിസം നടപ്പിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഫാസിസ്റ്റ് സമീപനത്തിനെതിരെയും

സംഘപരിവാറിന്റെ ഹിഡന്‍ സാംസ്‌ക്കാരിക അജണ്ടകള്‍ക്കെതിരെയും ശക്തമായ പോരാട്ടം നടത്തേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്നും പാച്ചേനി പറഞ്ഞു.

ആര്‍എസ്എസുകാര്‍ ആയുധമെടുത്ത് പശുവിന്റെ പേരില്‍ കൊലകള്‍ നടത്തുമ്പോള്‍ ജയ് ശ്രീറാം എന്ന് മുദ്രാവാവാക്യം വിളിക്കുന്നതിനെതിരേ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചതിന്റെ പേരിലാണ് ആര്‍എസ്എസ് നേതാവ് ഗോപാലകൃഷ്ണന്‍ അടൂരിനെ ചന്ദ്രനിലേക്ക് വിടണമെന്ന് പറഞ്ഞത്. സിനിമാരംഗത്ത് ഭാരതത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിച്ച സംവിധായകനായിരുന്ന അടൂരിനെയാണ് സംഘി നേതാവ് ഭീഷണിപ്പെടുത്തിയതെന്നും പാച്ചേനി പറഞ്ഞു.

എല്ലാ സംഭവങ്ങള്‍ക്കും പ്രതികരിക്കാത്ത സാഹിത്യ നായകന്‍മാര്‍ സംസ്ഥാനത്തുണ്ടെന്ന കാര്യം മറക്കുന്നില്ല. പച്ചയായ മനുഷ്യനെ ഇഞ്ചിഞ്ചായി സംസ്ഥാനത്ത് കൊന്നൊടുക്കിയിട്ടും പ്രതികരിക്കാത്തവരുണ്ട്. ആ കാര്യം മനസില്‍ വച്ച് കൊണ്ടാണ് അടൂരിനെതിരെയുള്ള സാംഘികളുടെ അതിക്രമത്തെ എതിര്‍ക്കുന്നതെന്നും പാച്ചേനി പറഞ്ഞു. ജയ് ശ്രീറാമെന്ന് പറഞ്ഞ് ഗോരക്ഷകരെന്ന് നടിക്കുന്നവരാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരേ ക്രൂരമായ കൊലപാതകവും അക്രമവും നടത്തുന്നത്. ഇവര്‍ക്കെതിരെയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും പാച്ചേനി പറഞ്ഞു.

ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, കെപിസി സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്, എന്‍ പി ശ്രീധരന്‍, കെ പ്രമോദ്, സുരേഷ് ബാബു എളയാവൂര്‍, അഡ്വ. ടി ഒ മോഹനന്‍, കെസി മുഹമ്മദ് ഫൈസല്‍, രജിത്ത് നാറാത്ത്, റിജില്‍ മാക്കുറ്റി, രാജീവന്‍ എളയാവൂര്‍, മനോജ് കൂവേരി, സിടി ഗിരിജ, റഷീദ് കവ്വായി, കൂക്കിരി രാജേഷ് പരിപാടിക്ക് നേതൃത്വം നല്‍കി. 

Tags:    

Similar News