'സേവ് ലക്ഷദ്വീപ് ഫോറം' രൂപീകരിച്ചു; ജനവിരുദ്ധ നടപടികള്‍ക്കെതിരേ സുപ്രിംകോടതിയില്‍ ഉള്‍പ്പെടെ നിയമപോരാട്ടം നടത്തുമെന്ന് സര്‍വകക്ഷി യോഗം

നിയവിദഗ്ധരുമായി കൂടിയാലോചിച്ച് കേരള ഹൈക്കോടതിയിലും ആവശ്യമെങ്കില്‍ സുപ്രിംകോടതിയിലും നിയമപരമായി പോരാട്ടം നടത്തുന്നതിന് ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

Update: 2021-05-29 17:01 GMT

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കൊണ്ടുവരുന്ന ജനദ്രോഹ നടപടികള്‍ തടയുന്നതിനായി നിയമപരമായി മുന്നോട്ടുപോവാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ 'സേവ് ലക്ഷദ്വീപ് ഫോറം' എന്ന പേരില്‍ ഒരു കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. വരുന്ന ജൂണ്‍ ഒന്നിന് കൊച്ചിയില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.

നിയവിദഗ്ധരുമായി കൂടിയാലോചിച്ച് കേരള ഹൈക്കോടതിയിലും ആവശ്യമെങ്കില്‍ സുപ്രിംകോടതിയിലും നിയമപരമായി പോരാട്ടം നടത്തുന്നതിന് ജൂണ്‍ ഒന്നിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കോര്‍ കമ്മിറ്റിയുടെ ജോയിന്റ് കണ്‍വീനര്‍മാരായി മുന്‍ എംപി ഡോ. പി പി കോയ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു സി കെ തങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. ഡോ.കെ പി മുഹമ്മദ് സാദിഖിനെ കോ ഓഡിനേറ്ററായും സി ടി നജ്മുദ്ദീന്‍, കോമലം കോയാ എന്നിവരെ ഡെപ്യൂട്ടി കോ ഓഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ കാസ്മിക്കോയ കമ്മിറ്റിയില്‍ സ്ഥിരം അംഗമായിരിക്കും.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ ബഡുമുക്കാഗോത്തി, എല്‍ടിടിസി പ്രസിഡന്റ് അഡ്വ.ഹംദുല്ല സഈദ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാവും. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഡോ.മുനീര്‍ മണിക്ഫാന്‍, ഡോ.മുഹമ്മദ് സാദിഖ്, മുഹമ്മദ് ഫൈസല്‍ എംപി, അഡ്വ.ഹംദുല്ല സഈദ്, അബ്ദുല്‍ മുത്തലിബ്, സിറാജ് കോയ, അലി അക്ബര്‍, കോമലം കോയ, കെ പി മുഹമ്മദ് സലിം, എച്ച് കെ മുഹമ്മദ് ഖാസിം എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News