മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കല്‍ അശാസ്ത്രീയമായെന്ന് സമീപവാസികള്‍; പല വീടുകള്‍ക്കും വിള്ളല്‍; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകള്‍
ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്ത കമ്പനികള്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് പൊളിക്കല്‍ നടത്തുന്നതാണ് വീടുകള്‍ക്ക്് വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഫ്‌ളാറ്റുകളോഠ് ചേന്നുളള ചെറിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ സമീപ പ്രദേശങ്ങളിലെ പല വീടുകള്‍ക്കും വിള്ളല്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ഉയരമുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകളുടെ സ്ഥിതിയെന്താകുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. പൊടിശല്യവും ശബ്ദമലിനീകരണവും കൂടാതെ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഭൂമി മുഴുവന്‍ വിറയ്ക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്
കൊച്ചി: തീരദേശനിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരാം മരടിലെ ഫ്‌ളാറ്റു സമുച്ചയങ്ങളുടെ പൊളിക്കല്‍ ആരംഭിച്ചതോടെ സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നതായി പരാതി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്ത കമ്പനികള്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് പൊളിക്കല്‍ നടത്തുന്നതാണ് വീടുകള്‍ക്ക് വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഫ്‌ളാറ്റുകളോട്് ചേര്‍ന്നുളള ചെറിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ സമീപ പ്രദേശങ്ങളിലെ പല വീടുകള്‍ക്കും വിള്ളല്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ഉയരമുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകളുടെ സ്ഥിതിയെന്താകുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു.പൊടിശല്യവും ശബ്ദമലിനീകരണവും കൂടാതെ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഭൂമി മുഴുവന്‍ വിറയ്ക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. തങ്ങളുടെ സമാധാനം നഷ്ടപ്പെട്ടുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
മരട് നഗരസഭാ ഉദ്യോഗസ്ഥരെത്തി വിള്ളല്‍ വീണ വീടുകളുടെയും മറ്റും വിവര ശേഖരണം നടത്തി. 50 മീറ്റര്‍ പരിധിയിലെ കെട്ടിടങ്ങളുടെയും താമസക്കാരുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടുതല്‍ വീടുകളിലേക്കു വിള്ളല്‍ വ്യാപിച്ചതോടെ പരിസരവാസികള്‍ ആശങ്കയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സമീപവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്ത് കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം എംഎല്‍എ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നാളിതുവരെ നടപ്പിലാവാത്തതിന്റെ ആശങ്കയും യോഗത്തില്‍ സമീപവാസികള്‍ ഉന്നയിച്ചു. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിനു സമീപമുള്ള കരോട്ട് ഹരിശ്ചന്ദ്ര സായി, നെടുംപറമ്പില്‍ യമുന ജേക്കബ്, കണിയാംപിള്ളില്‍ അജിത്ത്, കണിയാംപിള്ളില്‍ ശ്രീദേവി പ്രദീപ് എന്നിവരുടെ വീടുകളിലാണ് വിള്ളല്‍ വീണിട്ടുള്ളത്. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം അഡ്വ.എം. സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ ദിഷ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ എ ദേവസി, കെ ആര്‍ ഷാജി, കെ ബി സുബീഷ് ലാല്‍ സംസാരിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി ഹൈബി ഈഡന്‍ എംപി, എം സ്വരാജ് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ, നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ (രക്ഷാധികാരിമാര്‍). ഡിവിഷന്‍ കൗണ്‍സിലര്‍ ദിഷ പ്രതാപന്‍ (കണ്‍വീനര്‍), സമീപ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ദേവൂസ് ആന്റണി, പി ജെ ജോണ്‍സന്‍, ഇ ആര്‍ സന്തോഷ് (ജോ: കണ്‍വീനര്‍മാര്‍), പൊളിക്കുന്ന ഫ്‌ളാറ്റിന്റെ സമീപവാസികളായ കെ ആര്‍ ഹരിശ്ചന്ദ്ര സായി, ബെന്നി ജോസഫ്, അജിത്ത്, ഷിഹാബുദ്ദീന്‍ സഖാഫി, സി വി പ്രകാശന്‍, എന്‍ വി സുഗുണാനന്ദന്‍, രാജീവ്, സിന്ധു, യമുന, കെ ആര്‍ ഷാജി, എന്‍ ജി അഭിലാഷ്, സരയു, കെ ബി സുബീഷ് ലാല്‍ (എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.