എസ്ബിഐ ബ്രാഞ്ചിലെ അക്രമം; എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ റിമാന്റില്‍
ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാലുമാണ് അറസ്റ്റിലായത്.
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസിലാണ് രണ്ട് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ അറസ്സില്‍. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാലുമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ ഓഫീസില്‍ ഇരുവരും കീഴടങ്ങുകയായിരുന്നു. അക്രമികളെ ബ്രാഞ്ച് മാനേജര്‍ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം അക്രമത്തില്‍ നേരിട്ടതായി ബ്രാഞ്ച് മാനേജര്‍ പറഞ്ഞു.
ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അക്രമത്തില്‍ ഉള്‍പ്പെട്ട 15 പേരില്‍ 13 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ജിഎസ്ടി വകുപ്പില്‍ ഉദ്യോഗസ്ഥനുമായ സുരേഷ്ബാബു, യൂനിയന്‍ ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരും അക്രമത്തില്‍ പങ്കാളികളാണെന്ന് പോലിസിന് സൂചന ലഭിച്ചിട്ടും ഇതുവരെ ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി പോലിസ് സമ്മതിക്കുന്നുമുണ്ട്.
പണിമുടക്കിന് ബാങ്ക് തുറന്നതു ചോദ്യം ചെയ്ത് ബ്രാഞ്ച് മാനേജറുടെ മുറിയില്‍ അതിക്രമിച്ചുകയറിയ യൂനിയന്‍ നേതാക്കള്‍ കംപ്യൂട്ടറും ഫോണും ഗ്ലാസ് ടേബിളും മറ്റു സാമഗ്രികളും തകര്‍ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലിസ് കേസെടുത്തിരുന്നു. അക്രമത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ തള്ളിക്കള്ളഞ്ഞതിനു പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്.