എസ്ബിഐ ബ്രാഞ്ച് ആക്രമണം: ഇടതുനേതാക്കള്‍ക്കെതിരേ പരാതിയുമായി ജീവനക്കാര്‍; ഒത്തുതീര്‍പ്പിന് ശ്രമമെന്നും ആക്ഷേപം

ഇടതുനേതാക്കള്‍ അസഭ്യം പറഞ്ഞതായി വനിതാ ജീവനക്കാരുടെ സംഘടന പരാതി നല്‍കി. കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് സ്റ്റാഫ് യൂനിയനാണ് എസ്ബിഐ എജിഎമ്മിന് പരാതി നല്‍കിയത്.

Update: 2019-01-11 05:51 GMT

തിരുവനന്തപുരം: പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസില്‍ ഇടതുനേതാക്കള്‍ക്കെതിരേ പരാതിയുമായി ജീവനക്കാരുടെ സംഘടന. ഇടതുനേതാക്കള്‍ അസഭ്യം പറഞ്ഞതായി വനിതാ ജീവനക്കാരുടെ സംഘടന പരാതി നല്‍കി. കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് സ്റ്റാഫ് യൂനിയനാണ് എസ്ബിഐ എജിഎമ്മിന് പരാതി നല്‍കിയത്. ഒത്തുതീര്‍പ്പിന് ആരും സമീപിച്ചിട്ടില്ലെന്ന് ബ്രാഞ്ച് മാനേജറും വ്യക്തമാക്കി.

അതിനിടെ, അക്രമത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അഞ്ച് എന്‍ജിഒ യൂനിയന്‍ നേതാക്കളെ കൂടി തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ 15 പേരില്‍ 13 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതിനെതിരേ പോലിസിനെതിരേ വിമര്‍ശനം ശക്തമാണ്. കഴിഞ്ഞദിവസം പോലിസില്‍ കീഴടങ്ങിയ രണ്ടുപേറെ ബ്രാഞ്ച് മാനേജര്‍ തിരിച്ചറിഞ്ഞതോടെ റിമാന്റ് ചെയ്തിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാലുമാണ് കീഴടങ്ങിയത്.

എന്നാല്‍, യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ജിഎസ്ടി വകുപ്പില്‍ ഉദ്യോഗസ്ഥനുമായ സുരേഷ്ബാബു, യൂനിയന്‍ ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരും അക്രമത്തില്‍ പങ്കാളികളാണെന്ന് പോലിസിന് സൂചന ലഭിച്ചിട്ടും ഇതുവരെ ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരായ അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. അടുത്തിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസുകാരെ അക്രമിച്ച കേസിലും സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ലഭിച്ചിരുന്നു. പണിമുടക്കിന് ബാങ്ക് തുറന്നതു ചോദ്യം ചെയ്ത് ബ്രാഞ്ച് മാനേജറുടെ മുറിയില്‍ അതിക്രമിച്ചുകയറിയ യൂനിയന്‍ നേതാക്കള്‍ കംപ്യൂട്ടറും ഫോണും ഗ്ലാസ് ടേബിളും മറ്റു സാമഗ്രികളും തകര്‍ക്കുകയായിരുന്നു.

Tags:    

Similar News