കൊച്ചി: എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മതവര്‍ഗീയതയില്‍ ബിജെപിയോട് മല്‍സരിക്കുന്നതാണ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ മൂല കാരണമെന്നും പാര്‍ട്ടി ലക്ഷ്യം അവര്‍ണ ജനതയുടെ ഔന്നിത്യമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. വിമന്‍ ഇന്ത്യാ മൂവ്‌മെന്റിന്റെ ഒരുക്കം 2021 ഓണ്‍ലൈന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മതഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്.
ഔദാര്യപൂര്‍വം വച്ചുനീട്ടുന്ന അപ്പക്കഷ്ണങ്ങളല്ലാതെ അവര്‍ണജനതയ്ക്ക് കേരളത്തിലെ ഏതെങ്കിലും സര്‍ക്കാരുകളിലോ പാര്‍ട്ടികളിലോ ന്യായമായ പദവിയോ പങ്കാളിത്തമോ ലഭിച്ചിട്ടില്ല. അവരില്‍തന്നെ സ്ത്രീകള്‍ കൂടുതല്‍ അവഗണന അനുഭവിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് മല്‍സരിച്ചപ്പോള്‍ ഡോ.ബി ആര്‍ അംബേദ്കര്‍ നേരിട്ട വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. ജാതി, മത താല്‍പര്യങ്ങള്‍ നോക്കി സ്ഥാനാര്‍ഥി നിര്‍ണയം നടത്തുകയും നിലപാട് തീരുമാനിക്കുകയും ചെയ്യുന്നവര്‍ പിന്നാക്കക്കാര്‍ അധികാര പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാത്രമാണ് മതനിരപേക്ഷതയെക്കുറിച്ച് വാചാലരാവുന്നത്.
പ്രായമേറുന്നതിനനുസരിച്ച് സ്വതന്ത്ര ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും ദുര്‍ബലമാവുകയാണ്. വിഭവങ്ങളുടെ വിതരണത്തില്‍ കടുത്ത അസന്തുലിതത്വം നിലനില്‍ക്കുന്നു. എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക ജനാധിപത്യം യാഥാര്‍ഥ്യമാവുമ്പോള്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. അവര്‍ണ ജനത കൂടുതല്‍ പ്രബുദ്ധരാവേണ്ടതുണ്ട്.
അധികാരമില്ലാത്ത ജനത ഔന്നിത്യമില്ലാത്തവരായിരിക്കുമെന്ന അംബേദ്കറുടെ പ്രസ്താവനയുടെ ആഴം തിരിച്ചറിയാന്‍ നാം തയ്യാറാവണമെന്നും അവഗണിക്കപ്പെട്ടവരുടെ ഔന്നിത്യം തിരിച്ചുപിടിക്കുകയാണ് എസ്ഡിപിഐയുടെ രാഷ്ട്രീയലക്ഷ്യമെന്നും മജീദ് ഫൈസി വ്യക്തമാക്കി. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് മേരി എബ്രഹാം, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജലീല്‍ നീലാമ്പ്ര, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന, സെക്രട്ടറിമാരായ ജമീല വയനാട്, എന്‍ കെ സുഹറാബി, ട്രഷറര്‍ മഞ്ചുഷ മാവിലാടന്‍ എന്നിവര്‍ സംസാരിച്ചു.