മലയാറ്റൂരില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത സംഭവം: ദലിത് സ്വത്വത്തിനു നേരെയുള്ള സിപിഎം ആക്രമണം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

മലയാറ്റൂരില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ആണെന്ന നിസ്സാര ന്യായം പറഞ്ഞു പോലിസ് പ്രതികളെ വിട്ടയക്കുകയായിരുന്നുവെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Update: 2021-09-18 09:16 GMT

കൊച്ചി:മലയാറ്റൂരില്‍ ഭരണഘടനാ ശില്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്ത സിപിഎം, ദലിത് സ്വത്വത്തിനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മലയാറ്റൂരില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്ത കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ആണെന്ന നിസ്സാര ന്യായം പറഞ്ഞു പോലിസ് പ്രതികളെ വിട്ടയക്കുകയായിരുന്നു.ഇന്ത്യയില്‍ പൊതുവായി ദലിത് വിരുദ്ധത നടപ്പാക്കുന്നത് സംഘപരിവാര്‍ ആണെങ്കിലും കേരളത്തില്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് സിപിഎമാണെന്ന് അജ്മല്‍ കെ മുജീബ് ആരോപിച്ചു.

ഒരു വശത്തു കൂടി അവരെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി കൂടെ നിര്‍ത്തുകയും മറുവശത്ത് പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ച് ദലിത് ചിഹ്നങ്ങളും സ്വത്വ ബോധത്തിന് നേരെയും അതിക്രമം നടത്തുകയുമാണ് സിപിഎം ചെയ്യുന്നത്.ഭൂപരിഷ്‌കരണം, കോളനിവല്‍ക്കരണം, സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായി സവര്‍ണ്ണ പക്ഷം ചേര്‍ന്നുള്ള നിലപാടുകളാണ് ഇഎംഎസ് കാലഘട്ടം മുതല്‍ പിണറായി വിജയന്‍ വരെയുള്ള കാലഘട്ടത്തില്‍ എടുത്തിട്ടുള്ളത്.കേരളത്തില്‍ ദലിത് സ്വത്വ ബോധം ഇല്ലായ്മ ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് അംബേദ്കര്‍ പ്രതിമ തകര്‍ക്കല്‍.

ഭരണഘടന ശില്പിയായ, ദലിത് ജനതയുടെ ഉന്നമനത്തിനു വേണ്ടി പ്രായത്‌നിച്ച ബാബാ സാഹിബ് അംബേദ്കരോടുള്ള വിരോധത്തിന് കാരണമെന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതികളെ നിസ്സാര കുറ്റം ചുമത്തി വിട്ടത് അംഗീകരിക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ നടന്നിട്ടുള്ള ഗൂഢാലോചന പുറത്തു കൊണ്ട് വരാനും പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനും പോലിസ് തയ്യാറാവണം. അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണി നിരത്തി സമര രംഗത്തിറങ്ങാന്‍ എസ്ഡിപിഐ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍, അങ്കമാലി മണ്ഡലം പ്രസിഡന്റ് അംജദ് അലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Similar News