പിണറായിയുടെ പ്രസ്താവന ആര്‍എസ്എസ് ചങ്ങാത്തം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാന്‍: അജ്മല്‍ ഇസ്മാഈല്‍

പിണറായി വിജയന്റെ വാക്കുകളില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ തയ്യാറാവണമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.

Update: 2024-10-25 11:57 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ നടത്തിയ പ്രസ്താവന ആര്‍എസ്എസ് ചങ്ങാത്തം പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍.

കേരളത്തെ ആര്‍എസ്എസ്സിന്റെ നിഴല്‍ ഭരണത്തിന്‍ കീഴിലാക്കിയ ശേഷം ജനങ്ങളെ വിഡ്ഡികളാക്കാന്‍ നടത്തുന്ന ശ്രമം വിലപ്പോവില്ല. ഇല്ലാത്ത ന്യൂനപക്ഷ തീവ്രവാദമെന്ന ആരോപണം ആര്‍എസ്എസ്സിനെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. പഴകി പുളിച്ച ഈ ആരോപണം ജനങ്ങള്‍ പുച്ഛിച്ചു തള്ളും. പിണറായി ഭരണത്തില്‍ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ ആര്‍എസ്എസ് റിമോട്ട് കണ്‍ട്രോളിലാക്കിയിരിക്കുന്നു. പിടിയിലാവുമ്പോള്‍ കള്ളന്‍ പിന്നാലെ വരുന്നവരെ ചൂണ്ടി കള്ളന്‍ എന്നു വിളിച്ചുകൂവുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. തലശ്ശേരി കലാപത്തിനിടെ സിപിഎമ്മുകാരന്‍ കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടത് കള്ളുഷാപ്പിലുണ്ടായ അടിപിടിക്കിടെയാണെന്ന കാര്യം അറിയാത്തവരായി ആരുമില്ല. കലാപം അന്വേഷിച്ച

ജോസഫ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തും കുഞ്ഞിരാമന്‍ ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംഭവം പരാമര്‍ശിക്കുന്നില്ല. അഞ്ചുപതിറ്റാണ്ട് പിന്നിട്ടിട്ടും ഈ കള്ളം ആവര്‍ത്തിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. സിപിഎമ്മിന്റെ ആര്‍എസ്എസ്സിനോടുള്ള സമീപനം കേരളത്തിലെ ജനങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമാണ്. പിണറായി വിജയന്റെ വാക്കുകളില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ തയ്യാറാവണമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.

Tags:    

Similar News