ബാലപീഡകരെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ് ഡിപിഐ സമരഭവനം
പാലത്തായി കേസ് പ്രതി പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന പരാതിയില്‍ കേസെടുക്കുക, പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, പോക്സോ ചുമത്താതെ പ്രതിയെ സഹായിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരഭവനം സംഘടിപ്പിക്കുന്നത്.
രുവനന്തപുരം: ബാലപീഡകരെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ സമരഭവനം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്. പാലത്തായി കേസ് പ്രതി പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന പരാതിയില്‍ കേസെടുക്കുക, പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, പോക്സോ ചുമത്താതെ പ്രതിയെ സഹായിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരഭവനം സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് കുടുംബാംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളാവും.
ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ പത്മരാജനെ സംരക്ഷിക്കാന്‍ പോലിസും ക്രൈബ്രാഞ്ചും ഒത്തുകളിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസ് സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുപോലും ആവശ്യപ്പെടേണ്ടിവന്നിരിക്കുകയാണ്.
കോടിയേരിയുടെ പ്രസ്താവന സത്യസന്ധമാണെങ്കില്‍ ഉടന്‍ പ്രതിക്കെതിരേ പോക്സോ ചുമത്തി വീണ്ടും അറസ്റ്റുചെയ്ത് ജയിലലടയ്ക്കണം. കൂടാതെ പ്രതിക്കുവേണ്ടി ഒത്താശ ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണം. കുറ്റവാളിയെ രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പും പോലിസും നടത്തിയ ഒത്തുകളിയെ മറച്ചുപിടിച്ച് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുഖംരക്ഷിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.