കടലില്‍ മല്‍സ്യതൊഴിലാളികളെ സഹായിക്കാന്‍ മറൈന്‍ ആംബുലന്‍സ് ; മാര്‍ച്ച് 9 ന് നീറ്റിലിറങ്ങും

ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുന്നത്.മല്‍സ്യതൊഴിലാളികളുടെ പ്രാദേശിക പ്രത്യേകതകള്‍ കൂടി പരിഗണിച്ചാകും ആംബുലന്‍സ് രൂപകല്‍പ്പന ചെയ്യുന്നത്. ഇതിനായി തിരഞ്ഞെടുത്ത മല്‍സ്യത്തൊഴിലാളികളുടെ യോഗം വിളിക്കുമെന്ന് കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി

Update: 2020-02-28 12:16 GMT

കൊച്ചി:കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികളുടെ സഹായത്തിനായി ഫിഷറീസ് വകുപ്പിന്റെ മറൈന്‍ ആംബുലന്‍സ് മാര്‍ച്ച് ഒമ്പതിന് നീറ്റിലിറങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മാര്‍ച്ച് 28നു ശേഷമാക്കും ഔദ്യോഗിക ഉദ്ഘാടനം നടക്കുക. മറൈന്‍ ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുന്നത്.മല്‍സ്യതൊഴിലാളികളുടെ പ്രാദേശിക പ്രത്യേകതകള്‍ കൂടി പരിഗണിച്ചാകും ആംബുലന്‍സ് രൂപകല്‍പ്പന ചെയ്യുന്നത്.

ഇതിനായി തിരഞ്ഞെടുത്ത മല്‍സ്യത്തൊഴിലാളികളുടെ യോഗം വിളിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി മല്‍സ്യത്തിന് പരമാവധി വില നേടുന്നതിന് മല്‍സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി കൊല്ലം ശക്തികുളങ്ങരയില്‍ ഡയറക്ട് സെല്ലിംഗ് യൂനിറ്റ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.സ്റ്റേറ്റ് ഫിഷറീസ് മാനേജ്‌മെന്റ്കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ കുമാര്‍ , കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥരായ എന്‍ വി സുരേഷ് ബാബു( ഡയറക്ടര്‍, ഓപ്പറേഷന്‍സ് ), ശിവകുമാര്‍ ( ജിഎം, ഷിപ്പ് ബില്‍ഡിംഗ് ), എന്‍ ശിവറാം (ഡിജിഎം, ബിസിനസ് ഡെവലപ്‌മെന്റ് ), നാഗേഷ്മൂര്‍ത്തി (ഡിജിഎം,എസ് ബിഒസി), എന്‍ എം പ്രവീണ്‍(എജിഎം, പ്ലാനിംഗ് ), പ്രവീണ്‍ ജേക്കബ് (സീനിയര്‍ മാനേജര്‍,ബിസിനസ് ഡെവലപ്‌മെന്റ്) , കെ ആര്‍ സാജന്‍(എജിഎം, എസ്ബിഒസി) യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News