സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്നു തുടരും
രാജു നമ്പുതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. 26ാം തിയതി വരെയാണ് രണ്ടാംഘട്ട വിസ്താരം.
തിരുവനന്തപുരം: പ്രമാദമായ സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇന്ന് തുടരും. രാജു നമ്പുതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. 26ാം തിയതി വരെയാണ് രണ്ടാംഘട്ട വിസ്താരം. ആദ്യഘട്ട വിസ്താരത്തില്‍ ആറുപേര്‍ കൂറുമാറിയിരുന്നു. എട്ടു പേരാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയത്.
അതേസമയം, സിസ്റ്റര്‍ അഭയ കേസില്‍ തൊണ്ടിമുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്ന് കോടതി മുന്‍ ജീവനക്കാരന്‍ മൊഴിനല്‍കി. കോട്ടയം ആര്‍ഡിഒ കോടതിയിലെ യുഡി ക്ലാര്‍ക്കായിരുന്ന ദിവാകരന്‍ നായരാണ് മൊഴി നല്‍കിയത്. അഭയയുടെ ഡയറി ഉള്‍പ്പെടെ എട്ട് തൊണ്ടിമുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്നും ഇവ കോടതിയില്‍ രേഖാമൂലം തിരികെ നല്‍കിയില്ലെന്നുമാണ് കോടതി മുന്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതിനിടെ, കേസിലെ സാക്ഷി പട്ടികയില്‍ നിന്നു ചില ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു പ്രതിഭാഗം ആവശ്യവുമായി രംഗത്തത്തിയത്. എന്നാല്‍, സാക്ഷി പട്ടിക സമര്‍പ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത കാര്യം ഇപ്പോള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി പ്രതിഭാഗത്തോട് പറഞ്ഞത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ വിചാരണ നേരിടുന്ന പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു