രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യാശുപത്രികളെ ഉള്‍പ്പെടുത്തിയെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യാശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സ്വകാര്യാശുപത്രികളെ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ലെന്ന രീതിയില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്നൂറോളം സ്വകാര്യാശുപത്രികളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യാശുപത്രികളുടെ വിവരങ്ങള്‍ http://sha.kerala.gov.in/litsofempanelledhospitals/എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ്. സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്താന്‍ സ്വകാര്യാശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്.
സ്വകാര്യാശുപത്രികളിലെ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തില്‍, ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മീറ്റിങ്ങുകള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യാശുപത്രികള്‍ വാക്‌സിനേഷനുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വാക്‌സിനേഷന്‍ തുടര്‍നടപടികള്‍ സ്വീകരികരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.