സെക്രട്ടേറിയറ്റ് തീപ്പിടിത്തം: അന്വേഷണത്തില്‍ സഹായികളായത് സിപിഎം അനുകൂലികള്‍
ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസമായി 13 പേരെ നിയോഗിച്ചത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പ് പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹായികളായത് സിപിഎം അനുകൂല സംഘടനാംഗങ്ങള്‍. തീപ്പിടിത്തത്തില്‍ അട്ടിമറിസാധ്യത നിലനില്‍ക്കെ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍പ്പെട്ടവരെ അന്വേഷണസംഘത്തെ സഹായിക്കാന്‍ നിയോഗിച്ചത് സംശയത്തിനു വകനല്‍കുന്നതാണെന്നാണ് പ്രതിപക്ഷ ആരോപണം. പൊതുഭരണവകുപ്പിലെ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരുടെ സഹായം ആവശ്യമുണ്ടെന്ന ഹെഡ്ക്വാട്ടേഴ്സ് എ.ഡി.ജി.പിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസമായി 13 പേരെ നിയോഗിച്ചത്. ഇവരെല്ലാം സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകരെന്ന് ആരോപണം. കത്തിപ്പോകാത്ത ഫയലുകള്‍ പരിശോധിക്കാനും പട്ടിക തയാറാക്കാനും 6-7 ജീവനക്കാരെ കൂടി ആവശ്യമുണ്ടെന്നായിരുന്നു ഹെഡ്ക്വാട്ടേഴ്സ് എ.ഡി.ജി.പി സര്‍ക്കാരിനു നല്‍കിയ കത്ത്. ഇതനുസരിച്ച് കഴിഞ്ഞദിവസം ഒരു സെക്ഷന്‍ ഓഫീസര്‍, മൂന്ന് സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, മൂന്ന് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാര്‍ എന്നിങ്ങനെ ഏഴുപേരെ അനുവദിച്ചു. പൊതുഭരണവകുപ്പ് (പൊളിറ്റിക്കല്‍), ടൂറിസം (എയും ബിയും) വകുപ്പ് എന്നിവിടങ്ങളിലെ മുഴുവന്‍ പേപ്പര്‍ ഫയലുകളുടെയും കണക്കെടുക്കാനാണ് കൂടുതല്‍പേരെ നിയോഗിച്ചത്. ഇതിനായി അഞ്ച് അസിസ്റ്റന്റുമാരും ഒരു എഎസ്ഒയും ഉള്‍പ്പെടെ ആറുപേരെ ഇന്നലെ അനുവദിച്ചു.