സെക്രട്ടറിയേറ്റ് തീപ്പിടിത്തം: ഫോറന്‍സിക് ഫലം കിട്ടിയില്ല; അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകുന്നു

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.

Update: 2020-09-05 05:45 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന് നല്‍കേണ്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകുന്നതായി റിപ്പോര്‍ട്ട്. തീപ്പിടിത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്ന് ഫയര്‍ ഫോഴ്‌സും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കണം. എന്നാല്‍ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും രണ്ടോ മൂന്നോ ദിവസം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഓണാവധി കാരണമാണ് റിപ്പോര്‍ട്ട് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും അന്തിമ റിപ്പോര്‍ട്ടുകള്‍ വൈകുമെന്നാണ് വിശദീകരണം.കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് വൈകാനുള്ള കാരണമായി ഇതും ചൂണ്ടിക്കാട്ടുന്നുണ്ട്. പരമാവധി വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമമെന്നും എത്രയും വേഗം തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എ.ഡിജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലിസും, ഡോ. എ കൗശികന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്. 

Tags:    

Similar News