ഏഴ് മാസത്തിനിടെ ഏഴ് മോഷണങ്ങള്‍, നഷ്ടമായത് 25 പവനും മുക്കാല്‍ ലക്ഷവും; പ്രതികളെ പിടികൂടാനാവാതെ പോലിസ്
പയ്യോളി: ലോക്ക് ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ പയ്യോളിയിലും തിക്കോടിയിലും ഏഴ് മോഷണസംഭവങ്ങളിലായി 25 ഓളം പവനും മുക്കാല്‍ ലക്ഷത്തോളം രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നെടുത്തത്. എന്നാല്‍, ഇത്തരം കേസുകളില്‍ തുമ്പുണ്ടാക്കാനോ പ്രതികളെ കണ്ടെത്താനോ പോലിസിന് സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ സപ്തംബര്‍ 30ന് പുലര്‍ച്ചെ ദേശീയപാതയിലെ ഇലക്ട്രോണിക്‌സ് കടയില്‍ പിപിഇ കിറ്റ് പോലുള്ള വസ്ത്രം ധരിച്ചാണ് 25,000 രൂപയും ഇലക്ട്രോണിക് സാധനങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നത്.
ആഗസ്ത് രണ്ടിന് അയനിക്കാട് ഒയാസിസ് കാര്‍ സര്‍വീസ് സെന്ററിലെ ജോലിക്കാരായ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ 47,000 രൂപയും മൊബൈല്‍ ഫോണും ജൂലായ് 30ന് പയ്യോളിയിലെ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ ആളില്ലാത്ത പകല്‍ സമയത്ത് വാതില്‍ കുത്തിതുറന്ന് രണ്ടേകാല്‍ പവനും ജൂണ്‍ 11ന് തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ ദേഹത്തുനിന്ന് രാത്രി 8.30ന് 12 പവന്‍ സ്വര്‍ണവും കവര്‍ന്നിരുന്നു.
മാര്‍ച്ച് 17ന് തിക്കോടി സ്രാമ്പിക്കല്‍ കടപ്പുറം ഹാഷിമിന്റെ വീട്ടില്‍നിന്ന് അഞ്ചര പവനും ഏപ്രില്‍ ഏഴിന് പയ്യോളി റെയില്‍വെ സ്റ്റേഷന് സമീപം ദേശീയപാതയോരത്തെ റെഡിമെയ്ഡ് കടയില്‍ മോഷണം നടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് പയ്യോളി ടൗണില്‍ ബസ് സ്റ്റാന്റിന് സമീപമുള്ള ജ്വല്ലറിയിലെ കവര്‍ച്ചയാണ് ഒടുവില്‍ നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലൊരാള്‍ ജ്വല്ലറിക്കകത്ത് കയറി അഞ്ചുപവന്‍ തട്ടിപ്പറിച്ച് ബൈക്കിന്റെ പുറകില്‍ കയറി സ്ഥലംവിടുകയായിരുന്നു.
സംഭവസമയത്ത് കടയിലെ സിസിടിവി പ്രവത്തിച്ചിരുന്നില്ല. കൂടാതെ വടകര ഭാഗത്തേക്ക് സഞ്ചരിച്ച മോഷ്ടാക്കളെ കണ്ടെത്താന്‍ ദേശീയപാതയിലെ പടിഞ്ഞാറ് ഭാഗത്തുള്ള കടകളില്‍ എവിടെയും റോഡിനഭിമുഖമായി സിസിടിവി ഇല്ലാത്തതും പോലിസ് അന്വേഷണത്തിന് തിരിച്ചടിയായതായി പറയുന്നു.