അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
പോലിസ് പിടിയിലാവുമ്പോള്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിയമ പ്രകാരം ഗര്‍ഭ ഛിദ്രത്തിന് വിധേയമാക്കിയിരുന്നു. ഭ്രൂണം ലാബില്‍ അയച്ച് നടത്തിയ പരിശോധനയില്‍ നിസാര്‍ ബാബുവാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞിരുന്നു.
പയ്യോളി: അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കക്കാടംപൊയില്‍ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവെച്ച കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചുവിനെയാണ് കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പിടിയിലായ കര്‍ണാടക സ്വദേശിനി ഫര്‍സാനയുടെ കൂട്ടാളിയാണ് ഇല്ല്യാസ്. ഇയാളാണ് വയനാട്ടിലെ റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്. വന്‍ റാക്കറ്റ് സംഘം ഇയാള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പിടികൂടാതിരിക്കാനായി വീടുകള്‍ മാറി മാറി താമസിക്കുകയും കാറുകള്‍ മാറിഉപയോഗിക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ വരെ ഇയാളുടെ കൈവശം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.മനുഷ്യകടത്ത്, ബലാത്സംഗം തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലയിലാക്കിയാണ് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് പെണ്‍കുട്ടികളെ വലയിലാക്കുക.
പെണ്‍കുട്ടികളെ നഗര പ്രദേശത്തെ മാളുകളിലെ വാഹന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വെച്ചാണ് കൈമാറ്റം ചെയ്യാറുള്ളത്. കേസിലെ മുഖ്യപ്രതിയും പ്രതി പട്ടികയില്‍ രണ്ടാമനുമായ കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ ഹൗസില്‍ നിസാര്‍ ബാബു (37) ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പോലിസ് പിടിയിലാവുമ്പോള്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിയമ പ്രകാരം ഗര്‍ഭ ഛിദ്രത്തിന് വിധേയമാക്കിയിരുന്നു. ഭ്രൂണം ലാബില്‍ അയച്ച് നടത്തിയ പരിശോധനയില്‍ നിസാര്‍ ബാബുവാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
വയനാട്ടിലെ ബത്തേരിയില്‍ വാടക വീട്ടില്‍ സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടയിലാണ് ഇല്ല്യാസിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പിടികൂടുന്നത്. എസ്‌ഐ മാരായ കെ ടി ശ്രീനിവാസന്‍, പി പി മോഹനകൃഷ്ണന്‍,എഎസ്‌ഐമാരായ എംപി ശ്യാം, സന്തോഷ് മമ്പാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടേയും വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇവരെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ് പറഞ്ഞു.