പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രതിഷേധം; കെഎസ് യുവിന്റെ കൊടിമരം നശിപ്പിക്കാന്‍ ശ്രമം, പിന്നാലെ സംഘര്‍ഷം

ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

Update: 2022-01-10 13:21 GMT

പത്തനംതിട്ട: എസ്എഫ്‌ഐ പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. മുസലിയാര്‍ കോളേജില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടര്‍ന്ന് പോലിസും എസ്എഫ്‌ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇന്ന് പത്തനംതിട്ടയിലെ വിവിധ കോളജുകളില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പല കോളജുകളിലും എസ്എഫ്‌ഐ ആണ് വിജയിച്ചത്. മുസലിയാര്‍ കോളേജിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. എന്നാല്‍ വിജയാഘോഷത്തിനു പകരം എസ്എഫ്‌ഐ പ്രതിഷേധ പ്രകടനമാണ് നടത്തിയത്. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

കെഎസ്‌യുവിനെതിരേ പ്രതിഷേധ പ്രകടനവുമായി കോളജിനുള്ളില്‍ നിന്ന് ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പുറത്തെത്തിയ വിദ്യാര്‍ഥികള്‍ അവിടെ ഉണ്ടായിരുന്ന കെഎസ്‌യുവിന്റെ കൊടിമരവും കൊടിയും നശിപ്പിക്കാന്‍ ശ്രമിച്ചു. ഇത് അവിടെ കാംപ് ചെയ്തിരുന്ന പോലിസുകാര്‍ തടഞ്ഞു. ഇതോടെ പോലിസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പോലിസ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയതോടെ വിദ്യാര്‍ഥികള്‍ സ്ഥലത്തുനിന്ന് മടങ്ങി. നിലവില്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യതയില്ല. പോലിസ് ഇവിടെ കാംപ് ചെയ്യുന്നുമുണ്ട്.

Similar News