പാലക്കാട്ടെ മത്സരത്തില്‍ നിന്നു പിന്മാറി എ കെ ഷാനിബ്; സരിന് പിന്തുണ

Update: 2024-10-25 12:29 GMT

പാലക്കാട്; കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് മത്സരത്തില്‍നിന്നു പിന്മാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.പി സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു. സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്. സിപിഎമ്മില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിനായി പ്രചാരണത്തിന് ഇറങ്ങും. ഷാനിബ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യര്‍ഥനയുമായി സരിന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം മാറ്റുകയായിരുന്നു.

കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഷാനിബ് പാര്‍ട്ടി വിട്ടത്. പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരന്‍ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറന്മുളയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. തുടര്‍ ഭരണം സിപിഎം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.




Similar News