ഭാര്യ രക്ഷിക്കണേ എന്നപേക്ഷിച്ച് ഓഫിസിലേക്ക് വന്നപ്പോള്‍ എനിക്ക് മുഖം പോലും തരാതെ ഓടി ഒളിച്ചവരല്ലേ നിങ്ങള്‍; വനിതാ കമ്മീഷന്‍ അധ്യക്ഷയോട് ഷഫിന്‍ ജഹാന്‍ ചോദിക്കുന്നു
ഒരു ഇരുപത്തഞ്ചുകാരി യുവതി ഞാന്‍ ഹാദിയ ആണെന്നും, ഇതാണെന്റെ സ്വത്വമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടും, അവള്‍ക്കൊപ്പം നില്‍ക്കാനോ, അവളെ ആര്‍എസ്എസിന്റെ കൈയില്‍ നിന്നു രക്ഷിക്കാനോ ഉള്ള ആര്‍ജവം കാണിക്കാതെ മാളത്തിലൊളിച്ചിരിന്നിട്ടു എങ്ങനെ തോന്നുന്നു ഇങ്ങനെ കള്ളക്കഥകള്‍ പറഞ്ഞു നടക്കാന്‍? എന്ന് ഷഫിന്‍ ജഹാന്‍ ചോദിക്കുന്നു.
കോഴിക്കോട്: ഇഷ്ടമുള്ള മതം സ്വീകരിച്ചതിനു മാസങ്ങളോളം തടവ് ജീവിതം അനുഭവിക്കേണ്ടി വന്ന ഡോ. ഹാദിയയുടെ മോചനത്തിന് വനിതാ കമ്മീഷന്‍ ലക്ഷങ്ങള്‍ ചെലവാക്കിയെന്നും എന്നിട്ട് ഒരു നന്ദി പോലും പറഞ്ഞില്ലെന്നുമുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ അവകാശ വാദത്തെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍. തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് ഹാദിയക്ക് വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പല തവണ ചെന്നിട്ടും തിരിഞ്ഞു പോലും നോക്കിയില്ലെന്ന് ഷഫിന്‍ ജഹാന്‍ പറയുന്നു.
ഒരു ഇരുപത്തഞ്ചുകാരി യുവതി ഞാന്‍ ഹാദിയ ആണെന്നും, ഇതാണെന്റെ സ്വത്വമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടും, അവള്‍ക്കൊപ്പം നില്‍ക്കാനോ, അവളെ ആര്‍എസ്എസിന്റെ കൈയില്‍ നിന്നു രക്ഷിക്കാനോ ഉള്ള ആര്‍ജവം കാണിക്കാതെ മാളത്തിലൊളിച്ചിരിന്നിട്ടു എങ്ങനെ തോന്നുന്നു ഇങ്ങനെ കള്ളക്കഥകള്‍ പറഞ്ഞു നടക്കാന്‍? എന്ന് ഷഫിന്‍ ജഹാന്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഹാദിയ അന്യായമായി ഹോസ്റ്റല്‍ തടവിലും വീട്ടുതടവിലും നിരന്തരം പീഡനം അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ആദ്യ നിമിഷം മുതല്‍ അവള്‍ക്ക് വേണ്ടി നീതിക്കും, മനുഷ്യാവകാശത്തിനുമായി ഞാന്‍ കയറി ചെല്ലാത്ത സ്ഥാപനങ്ങളില്ല.
ഹാദിയാ കേസില്‍ ലക്ഷങ്ങള്‍ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷന്‍ ആണെന്ന തരത്തില്‍ എം സി ജോസഫൈന്‍ നടത്തിയ
പ്രസ്താവന കണ്ട ശേഷം കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലാണ് ഞാന്‍.,
മാസങ്ങളോളം നിങ്ങളുടെ തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് ഞാന്‍ എത്ര തവണ വന്നിട്ടുണ്ടെന്ന് എന്നെക്കാള്‍ കൃത്യമായി മാഡത്തിനുഅറിയാമല്ലോ..!
മാഡം, വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ആയിരിക്കുന്ന സാക്ഷര സുന്ദര കേരളത്തിലാണ് ഒരു ഇരുപത്തഞ്ചു വയസ്സുകാരി അന്യായമായ വീട്ടു തടങ്കലില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമായി മാസങ്ങളോളം കിടന്നത്.
അഭ്യസ്ത വിദ്യയും, പ്രൊഫഷണലുമായ ഭാര്യയെ രക്ഷിക്കണേ എന്നപേക്ഷിച്ചു നിങ്ങളുടെ ഓഫീസിലേക്ക് ഞാന്‍ വന്നപ്പോഴൊക്കെയും
എനിക്ക് മുഖം പോലും തരാനുള്ള ആര്‍ജ്ജവമില്ലാതെ എവിടെയാണ് നിങ്ങള്‍ ഓടി ഒളിച്ചിരുന്നത്..?
ഒടുവില്‍ തിരുവനന്തപുരത്ത് വനിതാ കമ്മീഷന്‍ അദാലത്ത് ഉണ്ടെന്നും അതില്‍ നിങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നും അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അവിടെ എത്തിയപ്പോഴും എനിക്ക് മുഖം തരാന്‍ പേടി ആയിരിന്നു മാഡത്തിന്.
അദാലത്ത് നടക്കുന്നതിനിടെ അധികൃതരുടെ അനുമതിയോടെ ഞാന്‍ മാഡത്തിന്റെ അടുത്തേക്ക് വരുമ്പോള്‍ പ്രശ്‌നം ഉണ്ടാക്കരുതെന്നാണ് മാഡം ആദ്യം പറഞ്ഞത്. ഭാര്യയെ രക്ഷിക്കാന്‍ മാഡവും വനിതാ കമ്മീഷനും ഇനിയെങ്കിലും ദയവ് ചെയ്ത് ഇടപെടണമെന്ന് നേരില്‍ കണ്ടു പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നതെന്നും പരാതി കൈപ്പറ്റി റെസീപ്റ്റ് തന്നാല്‍ തിരികെ പോയേക്കാം എന്ന് പറഞ്ഞതൊക്കെ ഓര്‍ക്കുന്നുണ്ടോ..?
ഒരു ഇരുപത്തഞ്ചുകാരി യുവതി ഞാന്‍ ഹാദിയ ആണെന്നും ഇതാണെന്റെ സ്വത്വമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടും അവള്‍ക്കൊപ്പം നില്‍ക്കാനോ അവളെ ആര്‍എസ്എസിന്റെ കൈയില്‍ നിന്നു രക്ഷിക്കാനോ ഉള്ള ആര്‍ജവം കാണിക്കാതെ മാളത്തിലൊളിച്ചിരിന്നിട്ട് എങ്ങനെ തോന്നുന്നു ഇങ്ങനെ കള്ളക്കഥകള്‍ പറഞ്ഞു നടക്കാന്‍?
ഇനി മാഡവും, വനിതാ കമ്മീഷനും പരസ്യമായി ഹാദിയക്കൊപ്പം നില്‍ക്കാന്‍ തയ്യാറായത് എന്നാണെന്നു കൃത്യമായും അറിയില്ലെങ്കില്‍ പറഞ്ഞു തരാം.
സുപ്രിം കോടതിയില്‍ ഹാജരാകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹാജരായ ഹാദിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി നിലപാട് പറഞ്ഞതിന് ശേഷം മാത്രമാണ് നിങ്ങളൊക്കെ കളം മാറ്റി ചവിട്ടിയത്.
ഇത്രയും വലിയ മനുഷ്യാവകാശ ലംഘനത്തിന് ഒരു സ്ത്രീ ഇരയായി കൊണ്ടിരുന്നിട്ടും സുപ്രിം കോടതിയില്‍ സത്യസന്ധമായ ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയാന്‍ പോലുമുള്ള ആര്‍ജവം കാണിക്കാതെ മാളത്തിലൊളിച്ചിട്ട് ഇപ്പോള്‍ പറയുന്നു ഹാദിയയെ ലക്ഷങ്ങള്‍ മുടക്കി കേസ് നടത്തി മോചിപ്പിച്ചത് വനിതാ കമ്മീഷന്‍ ആണെന്ന്!
ഹാദിയ കേസ് നടത്താന്‍ നിയമ സഹായം നല്‍കിയത് പോപുലര്‍ ഫ്രണ്ടാണെന്നും പൊതു ജനങ്ങളുടെ ഇടയില്‍ ധന ശേഖരണം നടത്തിയാണ് കേസിനു ആവശ്യമായ ഫണ്ട് കണ്ടെത്തിയതെന്നും വള്ളി പുള്ളി തെറ്റാതെ കേസിനു എത്ര രൂപ ചിലവായെന്നും ഇവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാമെന്നിരിക്കെ ആരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് നിങ്ങളീ കള്ളം പ്രചരിപ്പിക്കുന്നത്? അല്‍പ്പമെങ്കിലും ലജ്ജ ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രസ്താവന പിന്‍വലിക്കണം.
NB: ഞാന്‍ വനിതാ കമ്മീഷന് തന്ന വിവിധ പരാതികള്‍ നിങ്ങള്‍ സ്വീകരിച്ചതിന്റെ റെസീപ്റ്റ് ഇപ്പോഴും എന്റെ കൈവശമുണ്ട്. അതില്‍ നടപടിയൊന്നും എടുത്തില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.