ഹാദിയ കേസ്: മലയാളി ദമ്പതികളെ എന്‍ഐഎ വാട്ട്‌സാപ്പ് വഴി ചോദ്യം ചെയ്തതായി റിപോര്‍ട്ട്
ഹോമിയോപ്പതി വിദ്യാര്‍ഥിയായ ഹാദിയയെ ഇസ്‌ലാം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ടിരുന്ന ഷിറിന്‍ ശഹാന, ഫൈസല്‍ മുസ്തഫ എന്നിവരോടാണ് വാട്ട്‌സാപ്പ് വഴി ചോദ്യങ്ങള്‍ അയച്ച് നല്‍കി എന്‍ഐഎ വിവരങ്ങള്‍ തിരക്കിയതെന്ന് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: യമനിലുള്ള മലയാളി ദമ്പതികളെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വാട്ട്‌സാപ്പ് വഴി ചോദ്യം ചെയ്തതായി റിപോര്‍ട്ട്. ആദ്യമായാണ് ഒരു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാനായി വാട്ട്‌സാപ്പ് ഉപയോഗപ്പെടുത്തുന്നത്. ഹോമിയോപ്പതി വിദ്യാര്‍ഥിയായ ഹാദിയയെ ഇസ്‌ലാം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ടിരുന്ന ഷിറിന്‍ ശഹാന, ഫൈസല്‍ മുസ്തഫ എന്നിവരോടാണ് വാട്ട്‌സാപ്പ് വഴി ചോദ്യങ്ങള്‍ അയച്ച് നല്‍കി എന്‍ഐഎ വിവരങ്ങള്‍ തിരക്കിയതെന്ന് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. തങ്ങളുടെ അന്വേഷണ ഫയലിന്റെ ഭാഗമായി ഇവരുടെ മറുപടി രേഖപ്പെടുത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ പറയുന്നു.
അവര്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ ചോദ്യം ചെയ്യല്‍ സാധ്യമല്ല. തങ്ങള്‍ വാട്ട്‌സാപ്പ് വഴി ചോദ്യങ്ങള്‍ അയച്ചുകൊടുക്കുകയും അവര്‍ മറുപടി നല്‍കുകയും ചെയ്തു. നിയമപ്രകാരം അത് തെളിവായി സ്വീകരിക്കും-ഉദ്യോഗസ്ഥന്‍ അറിയിച്ചു.
2016ല്‍, മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് പിതാവ് അശോകനാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളോടൊപ്പം വിടുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8ന് സുപ്രിം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും ഹാദിയയുടെ വിവാഹം പുനസ്ഥാപിക്കുകയും ചെയ്തു. കേസില്‍ ഏതെങ്കിലും രീതിയിലുള്ള ക്രിമിനല്‍ വശങ്ങളുണ്ടെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നിയമവിധേയമായ രീതിയില്‍ അന്വേഷണം തുടരാമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനിടെയാണ് ഷിറിന്‍ ഷഹാന, ഫസല്‍ മുസ്തഫ ദമ്പതികള്‍ യമനില്‍ മതപഠനത്തിന് പോയതായി വ്യക്തമായതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
അതേ സമയം, ഹാദിയാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹാദിയയുടെ മതംമാറ്റത്തിനു പിന്നില്‍ ബലപ്രയോഗം നടന്നതിനോ തീവ്രവാദബന്ധത്തിനോ തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. തന്നെ മതം മാറാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും കൂട്ടുകാരികളില്‍ നിന്നാണ് താന്‍ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയതെന്നും ഹാദിയ തന്നെ നേരത്തേ കോടതികളിലും മാധ്യമങ്ങളോടും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതു കൊണ്ട് തന്നെ ഇപ്പോള്‍ വിഷയത്തില്‍ ഏത് തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന കാര്യം അവ്യക്തമാണ്.