ശിവശങ്കറിന് കുരുക്ക് മുറുകുന്നു: വിദേശയാത്രകള്‍ എൻഐഎ പരിശോധിക്കുന്നു; ഓഫിസിലും പരിശോധന നടത്തും
ശിവശങ്കര്‍ താമസിച്ച ഫ്ളാറ്റിന്റെ പരിസരമുള്‍പ്പെടെ തലസ്ഥാന നഗരത്തില്‍ ഇരുപതിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ വിദേശയാത്രകള്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നു. ദുരൂഹത നീക്കാന്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കും. സസ്പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ ഉടനുണ്ടാകുമെന്നാണു വിവരം.
ഓഫീസ് പരിശോധിക്കുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് ആലോചിച്ചു തീരുമാനിക്കും. ഇദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ശിവശങ്കര്‍ താമസിച്ച ഫ്ളാറ്റിന്റെ പരിസരമുള്‍പ്പെടെ തലസ്ഥാന നഗരത്തില്‍ ഇരുപതിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന സാഹചര്യവും ഓഫീസിലെ പരിശോധനയും നടന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും. അദ്ദേഹവുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളില്‍ കസ്റ്റംസിന്റെ പരിശോധന തുടരുകയാണ്.
കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. സെക്രട്ടേറിയറ്റിന് സമീപമുള്ള ശിവശങ്കറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച സംഘം ഫ്‌ളാറ്റിലെ സുരക്ഷ ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും മൊഴിയെടുത്തു.
പ്രതികളായ സന്ദീപ് നായര്‍, സരിത് എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ബാഗുകള്‍ കണ്ടെത്തി. സമാനമായ ഒരു ബാഗ് ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ടവറിലെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതാണോയെന്ന് വ്യക്തമല്ല. ബാഗുകളുടെ ശാസ്ത്രിയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ട മറ്റു കേസുകളും എന്‍ഐഎയ്ക്ക് അന്വേഷിക്കാന്‍ കഴിയും. അതിനിടെ, ഒന്നാം പ്രതി പി എസ് സരിത്തിന്റെ തിരുവല്ലത്തെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. സ്വപ്നയടക്കം സരിത്തിന്റെ വീട്ടില്‍ വന്നിരുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ അയല്‍വാസികളോടു ചോദിച്ചറിഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരെ ആരോപണമുണ്ട്. തന്റെ ഓഫീസ് ചുമതലയുണ്ടായിരിക്കേ ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയെന്നു സൂചന. ശിവശങ്കര്‍ ഇടപെട്ട് നടത്തിയ നിയമനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാവും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും നിരീക്ഷണത്തിലാണ്.