ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടതിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്
കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ച്് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. ഇതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി നിര്‍ണായക പറയും. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ച്് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. ഇതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
പ്രാദേശികതലത്തിലുള്ള വൈര്യത്തെത്തുടര്‍ന്ന് നടന്ന കൊലപാതകമാണെന്നും ഏതെങ്കിലും നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ലോക്കല്‍ പോലിസില്‍നിന്ന് മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറണമെങ്കില്‍ കൃത്യമായ കാരണമുണ്ടെങ്കില്‍ മാത്രമേ സാധിക്കൂ എന്ന സുപ്രിംകോടതിയുടെ മുന്‍ ഉത്തരവും സര്‍ക്കാര്‍ പരാമര്‍ശിക്കുന്നു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.