ഷുഹൈബ് വധക്കേസ് പ്രതികള്‍ സിപിഎം ക്വട്ടേഷന്‍ സംഘം; കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷം

Update: 2023-03-03 06:49 GMT

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിനെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടിസ് അവതരണത്തിനിടെയാണ് സിപിഎം ക്വട്ടേഷന്‍ സംഘത്തിനെതിരേ പ്രതിപക്ഷം രംഗത്തുവന്നത്. ശുഹൈബ് വധത്തിന്റെ കാരണം രാഷ്ട്രീയമാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

2018 ഫെബ്രുവരി 12ന് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ അതിഭീകരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. തട്ടുക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭീകര ക്വട്ടേഷന്‍ സംഘം വന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മരം വെട്ടുന്നതുപോലെ 41 തവണ വെട്ടി കൊലപ്പെടുത്തി. പ്രതികള്‍ സിപിഎം ക്വട്ടേഷന്‍ സംഘമാണെന്നും എംഎല്‍എ ആരോപിച്ചു. ഇതിന് പിന്നാലെ ഭരണപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. ചട്ടപ്രകാരമല്ലാത്ത പരാമര്‍ശങ്ങള്‍ സഭാരേഖയിലുണ്ടാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

സിപിഎം നിയന്ത്രിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ ഫേസ്ബുക്ക് പേജിലെ കമന്റുകളുമായി ബന്ധപ്പെട്ടാണ് അടിയന്തര പ്രമേയമെന്ന് എംഎല്‍എ പറഞ്ഞു. പാര്‍ട്ടി നേതാക്കളാണ് ഇത് ചെയ്യിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്ക് ജോലിയും തങ്ങള്‍ക്ക് പട്ടിണിയുമെന്ന് വെളിപ്പെടുത്തിയത് കേസിലെ ഒന്നാം പ്രതിയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ജന്‍മി കുടിയാന്‍ സമരവുമായി ബന്ധപ്പെട്ട് ധീരരക്തസാക്ഷികള്‍ പിറന്ന തില്ലങ്കേരിയില്‍ ഇപ്പോള്‍ നടക്കുന്നത് കൊല ചെയ്തവനും അവരെ കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണ്.

ഷുഹൈബ് വധം ക്വട്ടേഷന്‍ അല്ലെങ്കില്‍ ലക്ഷങ്ങള്‍ ചെലവാക്കി വക്കീലമാരെ കൊണ്ടുവന്നത് എന്തിനെന്ന് സിദ്ദിഖ് ചോദിച്ചു. 'സര്‍ക്കാരിന് വേണ്ടി കേസ് വാദിച്ചത് രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ്. ആകാശ് തില്ലങ്കേരി നിങ്ങളുടെ മടിയിലാണെന്നതിന് മറ്റ് എന്ത് തെളിവാണ് വേണ്ടത്. ഷുഹൈബും ആകാശും തമ്മില്‍ പരസ്പര ബന്ധമില്ല'. കൊലയ്ക്ക് കാരണം രാഷ്ട്രീയ പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.'ആകാശ് പറയുന്നത് ഞങ്ങള്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ലെന്നാണ്. ഈ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം.

ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിന് മുമ്പ് ഓഫിസില്‍ വിളിച്ചുവരുത്തി പറഞ്ഞു. മകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമ്പോള്‍ അച്ഛനെ കൂട്ടി വരണമെന്ന് പറഞ്ഞ പോലെയായിരുന്നു ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. യുഎപിഎ ചുമത്താതെ പ്രതികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നു'. സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി വച്ചത് പ്രതികളെ സഹായിക്കാനാണ്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രസംഗം തുടര്‍ന്ന സിദ്ദിഖിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു.

ഷുഹൈബ് വധക്കേസില്‍ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സിബിഎ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. സിബിഐ അന്വേഷണം അംഗീകരിക്കാമോ എന്നും സതീശന്‍ ചോദിച്ചു. 'കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണം. ഗൂഢാലോചനക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. പാര്‍ട്ടി ചെയ്യിപ്പിച്ചതാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ അറിയാത്ത കണ്ണും ചെവിയും മൂടിവെച്ച് നടക്കുന്ന ആളാണോ അന്വേഷണ ഉദ്യോഗസ്ഥന്‍. പി ജെ ആര്‍മിയുടെ മുന്നണി പോരാളിയായിരുന്നു ഒന്നാം പ്രതിയെന്നും സതീശന്‍ പറഞ്ഞു.

'കുറ്റകൃത്യം ചെയ്യാന്‍ തുടങ്ങിയത് ഒരു സുപ്രഭാതത്തിലല്ല. രാഷ്ട്രീയ വിശദീകരണം നടത്തി തീര്‍ക്കാവുന്ന കാര്യമല്ലിത്. കൊല്ലിച്ചവരെ കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ ആ കുടുംബത്തിന്റെ ദു:ഖം തീരുമോ എന്ന് സതീശന്‍ ചോദിച്ചു. 'മറ്റു പല കേസുകളിലും യുഎപിഎ ചുമത്താറുണ്ടല്ലോ. പുസ്തകം വായിക്കുന്ന പിള്ളേരുടെ പേരിലാണ് നിങ്ങള്‍ യുഎപിഎ ചുമത്തുന്നത്.

കൊല്ലാന്‍ പാര്‍ട്ടി തീരുമാനിക്കുന്നു കൊല്ലേണ്ട വരെയും തീരുമാനിക്കുന്നു. അവര്‍ക്ക് വേണ്ട വാഹനം നല്‍കുന്നു. അവരുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുന്നു. ആകാശ് ക്രിമിനലാണെന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. എന്നിട്ട് അയാള്‍ക്ക് ഡിവൈഎഫ്‌ഐ നേതാവ് സ്‌റ്റേജില്‍ വച്ച് ട്രോഫി സമ്മാനിക്കുന്നു. കൊലപാതകികള്‍ വന്ന വാഹനം ആരുടേതെന്ന് പോലും പോലിസ് അന്വേഷിച്ചില്ല.' വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് അന്വേഷണം നടത്തിയെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News