സില്‍വര്‍ ലൈന്‍: പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടില്ല; മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍വേ നടത്തുന്ന ഏജന്‍സികള്‍ പിന്‍മാറാതിരിക്കാനും ജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം തുടരാനുമുള്ള പ്രസ്താവന മാത്രമാണു മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കരിക്കകത്ത് സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ജനങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിക്ക് അനുമതി ലഭിച്ചൂവെന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ചു കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതിക്കെതിരേ ജനരോഷമുണ്ടെന്നും ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് ഒരുലക്ഷം കോടിയെങ്കിലും ചെലവുവരുമെന്നും റെയില്‍വേ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അറിയിച്ച ശേഷവും ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ടുപോവുന്നത് ആപല്‍ക്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.