കെ കെ മഹേശന്റെ ദുരൂഹ മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു; 30 മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി

എറണാകുളത്ത് ചേര്‍ന്ന് ശ്രീനാരായണ ധര്‍മ്മ വേദി, ശ്രീനാരായണ സഹോദര ധര്‍മ്മ വേദി,എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി, എസ്എന്‍ഡിപി യോഗം സമുദ്ധാരണ സമിതി,ശ്രീനാരായണ സേവാസംഘം എന്നീ സംഘടന ഭാരവാഹികളുടെ സംയുക്ത യോഗമാണ് പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.മഹേശന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹര്‍ഷിത അട്ടല്ലൂരിയെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും അവര്‍ നാളിതുവരെ ചുമതല ഏല്‍ക്കുകയോ അന്വേഷണ സംഘം രൂപീകരിക്കുകയോ ചെയ്തിട്ടില്ല.

Update: 2020-08-15 15:17 GMT

കൊച്ചി: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂനിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ദൂരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമതിയുടെ നേതൃത്വത്തില്‍ ഈ മാസം 30 ന് ഉപവാസമനുഷ്ഠിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എറണാകുളത്ത് ചേര്‍ന്ന് ശ്രീനാരായണ ധര്‍മ്മ വേദി, ശ്രീനാരായണ സഹോദര ധര്‍മ്മ വേദി,എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി, എസ്എന്‍ഡിപി യോഗം സമുദ്ധാരണ സമിതി,ശ്രീനാരായണ സേവാസംഘം എന്നീ സംഘടന ഭാരവാഹികളുടെ സംയുക്ത യോഗമാണ് പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.

മഹേശന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹര്‍ഷിത അട്ടല്ലൂരിയെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും അവര്‍ നാളിതുവരെ ചുമതല ഏല്‍ക്കുകയോ അന്വേഷണ സംഘം രൂപീകരിക്കുകയോ ചെയ്തിട്ടില്ല.മഹേശന്‍ അവസാനമായി എഴുതിയ കത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.എന്നിട്ടും അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അക്ഷന്തവ്യമാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു.അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകള്‍ നഷ്ടപ്പെടുത്തുവാനുള്ള അവസരമാണുണ്ടാക്കുന്നത്.മൈക്രോഫിനാന്‍സ് ഇടപാടില്‍ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടേശന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2018 നവംബറില്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതിന് സര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം,എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് 2017 ഒക്ടോബറില്‍ നല്‍കിയ നിവേദനത്തിലും നടപടിയുണ്ടായില്ല.ഇതെല്ലാ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നടപടി ലക്ഷകണക്കിന് ശ്രീനാരായണീയരോടുള്ള കടുത്ത അവഗണനയും വെല്ലുവിളിയുമാണ്.മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പും വഹിക്കുന്നത് എന്നിരിക്കെ അന്വേഷണക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ള അനാസ്ഥ സംശയകരമാണെന്നും ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.പ്രഫ എം കെ സാനു,അഡ്വ.എന്‍ ഡി പ്രേമചന്ദ്രന്‍,ബിജു രമേശ്,പി പി രാജന്‍,കെ എന്‍ ബാല്‍,അഡ്വ.പി പി മധുസൂദനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News