മുന്നാക്ക സംവരണത്തിനെതിരേ എസ്എന്‍ഡിപി പ്രക്ഷോഭത്തിലേക്ക്

ഡോ.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്എന്‍ഡിപി തീരുമാനം.

Update: 2020-10-23 19:11 GMT

ആലപ്പുഴ: സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരേ എസ്എന്‍ഡിപി പ്രക്ഷോഭത്തിലേക്ക്. ഡോ.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്എന്‍ഡിപി തീരുമാനം.

തിങ്കളാഴ്ച ചേര്‍ത്തലയില്‍ ചേരുന്ന എസ്എന്‍ഡിപി കൗണ്‍സില്‍ യോഗത്തില്‍ സംവരണ വിഷയത്തിലെ പ്രക്ഷോഭപരിപാടികള്‍ അന്തിമമായി തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാസാക്കിയ മുന്നാക്കസംവരണം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്‌സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചാണ് കെഎസ്എസ്ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

പൊതുവിഭാഗത്തില്‍ നിന്നായിരിക്കും പത്ത് ശതമാനം സംവരണം. അതിനാല്‍ ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. വിജ്ഞാപനം ഇറങ്ങുന്നത് മുതല്‍ സംവരണം നിലവില്‍ വരും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമ്പത്തിക സംവരണം നടപ്പാക്കാത്തതില്‍ എന്‍എസ്എസ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്. എന്‍എസ്എസ് അടക്കമുള്ള മുന്നാക്ക സമുദായങ്ങളെ കൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നാണ് സൂചന.

Tags:    

Similar News