ഐപിഎല്‍; മിന്നല്‍ ബാറ്റിങുമായി അശുതോഷ് ശര്‍മ്മ; എല്‍എസ്ജിയ്‌ക്കെതിരേ ഡല്‍ഹി പൊരുതി നേടി

വിശാഖപട്ടണം:ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റസിനെതിരേ ഒരു വിക്കറ്റ് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. 209 റണ്‍സിന്റെ ലക്ഷ്യം 19.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി പിന്തുടരുകയായിരുന്നു. ഏഴാമനായി ഇറങ്ങിയ അശുതോഷ് ശര്‍മ്മയും എട്ടാമനായി ഇറങ്ങിയ വിപ്രാച് നിഗവും ആണ് ഡല്‍ഹിക്ക് അപ്രതീക്ഷിത ജയം ഒരുക്കിയത്.31 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയാണ് അശുതോഷ് 66 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. അശുതോഷിന്റെ ഒറ്റയാള്‍ പോരാട്ടം ഡല്‍ഹിക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു. 15 പന്തില്‍ 39 റണ്‍സെടുത്താണ് പുതുമുഖ താരം വിപ്രാച് നിഗം ഡല്‍ഹിയുടെ രക്ഷകന്‍ ആയത്. ഡല്‍ഹിക്കായി ഓപ്പണര്‍ ഫഫ് ഡു പ്ലിസ്സിസ് 29 ഉം അക്‌സര്‍ പട്ടേല്‍ 22ഉം സ്റ്റമ്പസ് 34 റണ്‍സെടുത്തു.
നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിരുന്നു. മാര്‍ഷും(36 പന്തില്‍ 72) നിക്കോളാസ് പൂരനുമാണ് (30 പന്തില്‍ 75) ഡല്‍ഹിക്കായി വെടിക്കെട്ട് പുറത്തെടുത്തത്. 27 കോടിക്ക് ഡല്‍ഹിയില്‍ നിന്നും ലഖ്‌നൗവിലെത്തിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെയും ഞെട്ടിച്ചു. ഡല്‍ഹിക്കായി സ്റ്റാര്‍ക്ക് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് നേടി. ലഖ്‌നൗവിനായി ശ്രാദ്ധുല്‍ ഠാക്കൂര്‍, മണിമാരാന്‍ സിദ്ധാര്‍ത്ഥ്, രവി ബിഷ്‌ണോയി, ദിഗ് വേഷ് സിങ് രാഥി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.