ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം; കേരളത്തിലെ കര്‍ഷകരുടെ മാര്‍ച്ച് കണ്ണൂരില്‍നിന്ന് പുറപ്പെട്ടു

കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിലെ സമരപ്പന്തലില്‍ അഖിലേന്ത്യാ കിസാന്‍ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള റാലി ഫ് ളാഗ് ഓഫ് ചെയ്തു.

Update: 2021-01-11 09:34 GMT

കണ്ണൂര്‍: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച് കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിലെ സമരപ്പന്തലില്‍ അഖിലേന്ത്യാ കിസാന്‍ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള റാലി ഫ് ളാഗ് ഓഫ് ചെയ്തു. സുപ്രിംകോടതിയെ ഉപയോഗിച്ച് കര്‍ഷക സമരത്തെ നേരിടാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എസ് രാമചന്ദ്രന്‍പിള്ള ആരോപിച്ചു.

വളണ്ടിയര്‍മാരെ തിങ്കളാഴ്ച രാവിലെ എട്ടിന് നായനാര്‍ അക്കാദമിയില്‍നിന്നാണ് കര്‍ഷക സത്യഗ്രഹം നടക്കുന്ന ഹെഡ്‌പോസ്‌റ്റോഫിസിനുമുമ്പിലെ സമരപ്പന്തലിലേക്ക് ആനയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കാസര്‍കോട് ടൗണില്‍ സ്വീകരണം. കാസര്‍കോട് ജില്ലയില്‍നിന്നുള്ളവര്‍ ഇവിടെനിന്ന് മാര്‍ച്ചിനൊപ്പംചേരും. 13ന് രാത്രി ജയ്പൂരിലെത്തും. കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ആദ്യസംഘത്തില്‍ വിവിധ ജില്ലകളില്‍നിന്നായി 500 വളണ്ടിയര്‍മാരുണ്ടാവും.

കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് നേതൃത്വം നല്‍കുന്ന റാലി ജനുവരി 14ന് ഷാജഹാന്‍പൂര്‍ സമരകേന്ദ്രത്തിലെത്തിച്ചേരും. ഡല്‍ഹിയില്‍ സമരത്തിന് കെ എന്‍ ബാലഗോപാലും കെ കെ രാഗേഷ് എംപിയും നേതൃത്വം നല്‍കും. 500 പേരുമായുള്ള അടുത്തസംഘം ഈമാസം 21ന് കേരളത്തില്‍നിന്ന് പുറപ്പെട്ട് 24ന് ഡല്‍ഹിയിലെത്തും. മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ ഞായറാഴ്ച യാത്രയയപ്പ് നല്‍കിയിരുന്നു.

Tags:    

Similar News