തിരഞ്ഞെടുപ്പ്: അനധികൃത പണമൊഴുക്ക് തടയാന്‍ പോലിസിന്റെ പ്രത്യേക അന്വേഷണസംഘം

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 14 ടീമുകളാണ് പ്രവര്‍ത്തിക്കുക. ഒരു യൂനിറ്റില്‍ 15 അംഗങ്ങളുണ്ടാവും. രേഖകളില്ലാത്ത പണവും സ്വര്‍ണവും സംഘം പിടികൂടും.

Update: 2019-03-22 13:38 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താന്‍ പോലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 14 ടീമുകളാണ് പ്രവര്‍ത്തിക്കുക. ഒരു യൂനിറ്റില്‍ 15 അംഗങ്ങളുണ്ടാവും. ഇതുസംബന്ധിച്ച റിപോര്‍ട്ട് സംസ്ഥാന പോലിസ് മേധാവി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നല്‍കി.

രേഖകളില്ലാത്ത പണവും സ്വര്‍ണവും സംഘം പിടികൂടും. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള പണവും മറ്റു വസ്തുക്കളും കണ്ടെത്താന്‍ ആദായനികുതി വകുപ്പും പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പോലിസ് നല്‍കിയ റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 5,71,26,200 രൂപ പിടികൂടിയിട്ടുണ്ട്. 1,73,11125 കോടി രൂപ വിലമതിക്കുന്ന 5799 ഗ്രാം സ്വര്‍ണവും പിടികൂടി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് റെയ്ഡ് നടത്തി പിടികൂടിയത്.

സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി എല്ലാ ദിവസവും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപോര്‍ട്ട് നല്‍കുന്നുണ്ട്. 1177 അനധികൃത ആയുധം പോലിസ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ഇതുവരെ 7898 ആയുധ ലൈസന്‍സുകള്‍ പോലിസ് കരുതലില്‍ ലഭിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ 32 പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള 1648 പേരെ കണ്ടെത്തി. ഇതില്‍ 381 പേര്‍ക്കെതിരെ നടപടിയെടുക്കും. 

Tags:    

Similar News