ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ നിയമനം; കൊവിഡ് ഡാറ്റാ മാനേജ്‌മെന്റ് നോഡല്‍ ഓഫിസര്‍

Update: 2021-07-09 17:30 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഐഎഎസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം. കൊവിഡ് ഡാറ്റാ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ആരോഗ്യപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. കൊവിഡ് വിവരശേഖരണം സംസ്ഥാന തലത്തില്‍ ഏകോപിക്കുന്നതിന്റെ ഉത്തരവാദിത്തം വെങ്കിട്ടരാമനായിരിക്കും. സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം തുടങ്ങിയവ ആഴ്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് കൊവിഡ് ഡാറ്റാ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറുടെ ചുമതല.


 കൊവിഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള സംവിധാനങ്ങള്‍ ഇനി വെങ്കിട്ടരാമന്റെ കീഴിലാണ്. കൊവിഡിന്റെ മൂന്നാം തരംഗ സാധ്യതകളുമായുള്ള മുന്നറിയിപ്പുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വെങ്കിട്ടരാമന്റെ നിയമനം. കെ എം ബഷീര്‍ വിടവാങ്ങി രണ്ടുവര്‍ഷം തികയാനിരിക്കെയാണ് ശ്രീറാമിന് പുതിയ പദവി നല്‍കുന്നത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാമിനെ വിവാദത്തെത്തുടര്‍ന്ന് മറ്റ് ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ശ്രീറാമിന് നിയമനം നല്‍കിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് അവിടെ നിന്നും മാറ്റിയത്.

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചപ്പോഴും പ്രതിഷേധത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ തിരിച്ചുവിളിച്ചിരുന്നു. 2019 ആഗസ്ത് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്യപ്പെട്ട വെങ്കിട്ടരാമനെ 2020 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു ഈ നടപടി. സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും വിവാദങ്ങളും ആരോപണങ്ങളും മൂലം ചുമതലകളില്‍നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പെട്ടിരുന്നു.

Tags:    

Similar News