എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്
പുറത്തുള്ള വിദ്യാർഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍. അവസരം നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും റെഗുലര്‍ പരീക്ഷ നടത്തും.
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരി പഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും. പരീക്ഷ എഴുതാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ട. ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലര്‍ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തും. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തെര്‍മല്‍ സ്‌ക്രീനിങിനായി 5000 ഐആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. സോപ്പും സാനിറ്റൈസറും എല്ലായിടത്തും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കി. പരീക്ഷാ കേന്ദ്രം സജ്ജമാക്കല്‍, മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷ കേന്ദ്ര മാറ്റം, ചോദ്യപേപ്പറുകളുടെ സുരക്ഷ എന്നിവയ്ക്കുള്ള നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. കണ്ടെയ്ന്‍മെന്റ് സോണിൽ പരീക്ഷകള്‍ എഴുതുന്നവർക്കും, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും 14 ദിവസം ക്വാറന്റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം നൽകും. ഹോം ക്വാറന്റിയിനുള്ള വീടുകളില്‍ നിന്ന് വരുന്നവര്‍ക്കും പ്രത്യേക സൗകര്യം നല്‍കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരകടലാസുകള്‍ ഏഴ് ദിവസം സ്‌കൂളില്‍ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കുളിച്ച് ശുചിയായ ശേഷമെ വീട്ടുകാരുമായി ഇടപെടാവു. ഫയര്‍ ഫോഴ്‌സ് സ്‌കൂളുകള്‍ അണുവിമുക്തമാക്കും.
പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികള്‍ അപേക്ഷിച്ചു. ഇവര്‍ക്കാവശ്യമായ ചോദ്യപേപ്പര്‍ ഈ വിദ്യാലയങ്ങളില്‍ എത്തിക്കും. ഗര്‍ഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളില്‍ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏര്‍പ്പെടുത്തി. ലോക്ക് ഡൗണിന് ശേഷം കോളേജുകള്‍ തുറക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ജൂണ്‍ ഒന്നിന് കോജുകള്‍ തുറക്കാനാണ് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് ക്ലാസിന് പ്രിന്‍സിപ്പള്‍മാര്‍ക്ക് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.