സ്റ്റാന്‍ഡ് വിത്ത് റെഫ്യൂജീസ് : അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവാക്കളുടെ കാല്‍ നടയാത്ര
അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗമായ 19 വയസുള്ള അഹമ്മദ് ഹാഷിറും, 21 വയസുള്ള സുഹൃത്ത് വി ദിലീഷുമാണ് 180 ദിവസം കൊണ്ട് 4000 കിലോമീറ്റര്‍ കാല്‍ നടയായി ലഡാക്കില്‍ യാത്ര അവസാനിപ്പിക്കുക
കൊച്ചി : അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ പ്രചരണാര്‍ഥവും കന്യാകുമാരി മുതല്‍ ലഡാക്ക് വരെ രണ്ട് മലയാളി യുവാക്കള്‍ നടത്തുന്ന കാല്‍ നടയാത്ര എറണാകളം മറൈന്‍ ഡ്രൈവിലെ ക്യൂന്‍സ് വാക് വേയില്‍ ഫ്ളാഗ്ഓഫ് ചെയ്തു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗമായ 19 വയസുള്ള അഹമ്മദ് ഹാഷിറും, 21 വയസുള്ള സുഹൃത്ത് വി ദിലീഷുമാണ് 180 ദിവസം കൊണ്ട് 4000 കിലോമീറ്റര്‍ കാല്‍ നടയായി ലഡാക്കില്‍ യാത്ര അവസാനിപ്പിക്കുക.
ഏരിയല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഡയറക്ടറും ഐക്യരാഷ്ട്ര സംഘടന പ്രതിനിധിയുമായ കമല്‍ മുഹമ്മദ്, ഏരിയല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ സ്പോഴ്സ് അംബാസിഡറും, ഏഷ്യന്‍ പവര്‍ലിഫ്ടിംഗ് ചാമ്പ്യനുമായ ലിബാസ് പി ബാബ എന്നിവര്‍ ചേര്‍ന്നാണ് യാത്ര ഫ്ളാഗ്ഓഫ് ചെയ്തത്. കഴിഞ്ഞവര്‍ഷം കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര കൊവിഡ് മൂലം തടസപ്പെട്ടിരുന്നു. ശനിയാഴ്ച്ച ചേര്‍ത്തലയില്‍ നിന്നുമാണ് യാത്ര പുനരാരംഭിച്ചത്.
എറണാകുളം ക്യൂന്‍സ് വാക്ക് വേയില്‍ എത്തിയ ഇവരെ സാന്റാ മോണിക്ക ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ബുക്ക് ഓഫ് റെഫ്യൂജീസ് രചയിതാവുമായ ടെന്നി തോമസ് വട്ടക്കുന്നേല്‍ ,ഏരിയല്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ,മോഹന്‍ജി ഫൗണ്ടേഷന്‍ ,ഫോര്‍ എഎം ക്ലബ് ഫൗണ്ടേഷന്‍ ,അള്‍ട്രൂയിസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യ ,അമ്മു കെയര്‍ ,ആക്ട് ഫൗണ്ടേഷന്‍, വേള്‍ഡ് കോണ്‍സിയസ്‌നെസ്സ് അലൈന്‍സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ കേക്ക് മുറിച്ച് സ്വീകരണം ഒരുക്കി. ബൈക്ക് ആന്റ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് വനിതാ ക്ലബ് അംഗങ്ങള്‍ യാത്രയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് ബുള്ളറ്റ് റൈഡും നടത്തി.