ഐടി, ഐടി അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി; മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും
തിരുവനന്തപുരം: ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പ് കേരള ഷോപ്പ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമബോര്‍ഡിനായിരിക്കും. പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
പത്ത് ജീവനക്കാരില്‍ താഴെയുള്ള ഐടി സംരംഭകരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയില്‍ വരും. 18നും 55നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹത.
കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.
പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അധിക എന്‍.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനല്‍കും. മാറ്റിവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ താല്പര്യമുള്ള ജീവനക്കാര്‍ക്ക് അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും അലവന്‍സുകളും 2021 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യും.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്‌സിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍, കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പറേഷന്‍, സംസ്ഥാന പരിവര്‍ത്തിത െ്രെകസ്തവ വികസന കോര്‍പ്പറേഷന്‍, മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിലെ മാനേജീരിയല്‍ തസ്തികയിലുള്ള ജീവനക്കാര്‍ എന്നിവരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.