ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി ഉഡുപ്പിയില്‍ പിടിയില്‍

Update: 2024-04-21 05:02 GMT

കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദാണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയില്‍ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പോലിസ് കര്‍ണാടക പോലിസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് ജോഷിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം.ഇയാള്‍ മുംബൈയില്‍നിന്ന് ഒറ്റയ്ക്ക് കാര്‍ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന.

ഇന്നലെ പുലര്‍ച്ചെ നടന്ന മോഷണത്തില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങളാണു പ്രതി കവര്‍ന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചിരുന്നു. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ 'അഭിലാഷത്തി'ല്‍ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. വീടിന്റെ പിന്‍ഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനല്‍ തുറന്നാണു മോഷ്ടാവ് ഉള്ളില്‍ കയറിയത്.

വീടിന്റെ മുകള്‍ നിലയിലെ വടക്കു കിഴക്കേ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ചായിരുന്നു മോഷണം. ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവര്‍ന്നത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണര്‍ന്ന് അടുക്കളയില്‍ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോള്‍ അഭിലാഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

തൊപ്പി ധരിച്ചെത്തിയ മോഷ്ടാവു ജനലിനു സമീപത്തെത്തുന്നതും ജനല്‍ തുറക്കുന്നതുമായ ദൃശ്യങ്ങളാണു സിസിടിവിയില്‍ നിന്നു ലഭിച്ചത്. ഇതിനു ശേഷമുള്ള ദൃശ്യങ്ങള്‍ ലഭിക്കാത്തതു മോഷ്ടാവ് സിസിടിവി ക്യാമറകള്‍ മറുവശത്തേക്കു തിരിച്ചു വച്ചതിനാലാണെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്.


Similar News