സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്‌സുമാര്‍
ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ മൊഴി. സ്വപ്നയെ കണ്ടത് പോലിസിന്റെ സാന്നിധ്യത്തില്‍ മാത്രമാണ്. ശുചീകരണ തൊഴിലാളികളെ അകത്ത് പ്രവേശിപ്പിച്ചതും പോലിസ് സാന്നിധ്യത്തിലാണെന്നും നഴ്‌സുമാര്‍ മൊഴി ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കി. കേസിലെ മറ്റൊരു പ്രതിയായ റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ തൃശൂരിലെ അതിസുരക്ഷ ജയില്‍ സൂപ്രണ്ട് ഇന്ന് ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്വപ്ന സുരേഷിനെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയരാക്കും.
ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ഇരുവര്‍ക്കും വിദഗ്ധ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. സ്വപ്നയുടെ രക്തക്കുഴലില്‍ തടസമുണ്ടോയെന്ന് പരിശോധിക്കാന്‍ ആന്‍ജിയോഗ്രാം പരിശോധന നടത്തും. റമീസിനെ എന്‍ഡോസ്‌കോപിയ്ക്കു വിധേയമാക്കും.