സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ വധക്കേസ്: ദൃക്സാക്ഷികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു
സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയവരും പരിസരങ്ങളിലുണ്ടായിരുന്നവരുമായ നാലുപേരെയാണ് പോലിസ് ഇതിനായി കണ്ടെത്തിയത്. കാറും ബൈക്കും സ്ഥലത്തെത്തിച്ച് കൊലപാതകം നടന്ന രീതി പുനരാവിഷ്‌കരിക്കാനായിരുന്നു പോലിസിന്റെ പദ്ധതിയെങ്കിലും കനത്തമഴ കാരണം ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുക മാത്രമാണു ചെയ്തത്.
കണ്ണൂര്‍: കണ്ണവത്ത് എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളായ നാലുപേരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അന്വേഷണസംഘം സംഭവത്തെക്കുറിച്ച് പുനരാവിഷ്‌കരണം നടത്തി. കനത്ത മഴ കാരണം ഇത് പൂര്‍ത്തിയാക്കാനായില്ല. സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയവരും പരിസരങ്ങളിലുണ്ടായിരുന്നവരുമായ നാലുപേരെയാണ് പോലിസ് ഇതിനായി കണ്ടെത്തിയത്. കാറും ബൈക്കും സ്ഥലത്തെത്തിച്ച് കൊലപാതകം നടന്ന രീതി പുനരാവിഷ്‌കരിക്കാനായിരുന്നു പോലിസിന്റെ പദ്ധതിയെങ്കിലും കനത്തമഴ കാരണം ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുക മാത്രമാണു ചെയ്തത്.
ഈമാസം എട്ടിനാണ് കണ്ണവം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹൂദ്ദീനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലം വളവായതിനാല്‍ വേഗം കുറച്ചായിരുന്നു സ്വലാഹുദ്ദീന്‍ കാറോടിച്ചിരുന്നത്. അതിനാലാണ് കാറിന് പിന്നില്‍ ബൈക്കിടിച്ചിട്ടും ബൈക്കിലുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്.
രണ്ടുസഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ വടിവാള്‍കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എസ്പി. ഇതിനകം മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ചുണ്ട സ്വദേശികളായ എം അമല്‍രാജ് എന്ന അപ്പു(23), പി കെ ബ്രിപിന്‍ (23), എം ആഷിഖ് ലാല്‍ (25) എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. എസ് ഡിപിഐ പ്രവര്‍ത്തകനായിരുന്ന കണ്ണവം അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അമല്‍രാജ് എന്ന അപ്പു പ്രതിയാണ്. കൊലയാളി സംഘം സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കോളയാടുനിന്ന് വാടകയ്‌ക്കെടുത്ത കാറാണ് സംഘം കൊലപാതകത്തിനുപയോഗിച്ചത്.