'എസ്‌വൈഎഫ് ലക്ഷദ്വീപിനൊപ്പം' പരിപാടി സമാപിച്ചു; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ ജനഹിതത്തിനെതിര്- മുഹമ്മദ് ഫൈസല്‍ എംപി
മലപ്പുറം: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭരണഘടനാടിസ്ഥാനത്തില്‍ ജനാധിപത്യപരമായി ലഭിക്കേണ്ട സുരക്ഷിതത്വങ്ങള്‍ നിഷേധിച്ച് അവിടുത്തെ ജനഹിതത്തിനെതിരായ നടപടികളാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ സ്വീകരിക്കുന്നതെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ സ്റ്റേറ്റ് കമ്മിറ്റി ലക്ഷദ്വീപ്: രണ്ടാം കാശ്മീരാക്കരുത് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച 'എസ്‌വൈഎഫ് ലക്ഷദ്വീപിനൊപ്പം' എന്ന പരിപാടിയിലെ ഒറേഷന്‍ ഫോര്‍ ദ്വീപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊട്ടക്ടഡ് ലാന്‍ഡ് ആയ ലക്ഷദ്വീപിലെ ഭൂമി വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൈപ്പിടിയിലാക്കാന്‍ വേണ്ടിയാണ് ലക്ഷദ്വീപ് ഡവലപ്‌മെന്റ് റെഗുലേഷന്‍ അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്. ഭരണഘടന നല്‍കുന്ന സംരക്ഷണങ്ങളെ മറികടക്കാനാണ് ഈ അതോറിറ്റി സംവിധാനം. ഈ അവകാശനിഷേധത്തിനെതിരേ പ്രതിഷേധിക്കുന്നവരെ തുറുങ്കിലടയ്ക്കാനാണു ഗുണ്ടാ ആക്ട് നടപ്പാക്കിയിട്ടുള്ളത്. ഇത്തരം നടപടികളുമായി മുന്നോട്ടുപോവുന്നുവെങ്കില്‍ അതിനെ നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങള്‍ നേരിടുക തന്നെ ചെയ്യും. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ എല്ലാ ജനങ്ങളും ഞങ്ങളോടൊപ്പമുണ്ടെന്നതില്‍ അതിയായ സന്തോഷമുണ്ട്. ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഞാന്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ആന്ത്രോത്ത് സഹായിചാരിറ്റി ട്രസ്റ്റ് പ്രസിഡന്റ് മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍, ആന്ത്രോത്ത് ഡവലപ്‌മെന്റ് ആക്ഷന്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് സലിം, കില്‍ത്താന്‍ നൂറുല്‍ ഹുദാ എജ്യൂക്കേഷനല്‍ ട്രസ്റ്റ് പ്രസിഡന്റ് ഹാഫിസ് നവാസ് ഹൈദരി, ഐകെഎസ്എസ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഫാറൂഖ് മുഹമ്മദ്, എസ്‌വൈഎഫ് സ്‌റ്റേറ്റ് ജനറല്‍ സിക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, ട്രഷറര്‍ ബശീര്‍ വഹബി അടിമാലി, മീഡിയ സെക്രട്ടറി മരുത അബ്ദുല്ലത്തീഫ് മൗലവി എന്നിവര്‍ സംസാരിച്ചു. നേരത്തെ വീടുകളില്‍ നടന്ന പ്രതിഷേധനിരയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തൂലികാധ്വനി, വെര്‍ച്ച്വല്‍ പ്രൊട്ടസ്റ്റ് തുടങ്ങിയ വിവിധ പ്രതിഷേധ പരിപാടികള്‍ നടന്നു.