മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ; മാര്‍ ജേക്കബ് മനത്തോടത്തിനെതിരെയും പോലിസ് കേസെടുത്തു
നേരത്തെ സീറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെയും പോലീസ് കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ സിനഡില്‍ സമര്‍പ്പിച്ച് മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി
കൊച്ചി:സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെതിരെയും പോലിസ് കേസെടുത്തു. തൃക്കാക്കര പോലിസാണ് കേസെടുത്തിരിക്കുന്നത്.നേരത്തെ സീറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെയും പോലീസ് കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ സിനഡില്‍ സമര്‍പ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി ഏഴു മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്‌റ്റേറ്റുമെന്റുകള്‍ സമര്‍പ്പിച്ചതെന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ നിന്നും തൃക്കാക്കര പോലിസിലേക്ക് കേസ് കൈമാറുകയായിരുന്നുവെന്ന് തൃക്കാക്കര എസ് ഐ മനീഷ് പറഞ്ഞു.മെത്രാന്‍ സിനഡ് നടന്ന കാക്കനാട് സെന്റ് തോമസ് മൗണ്ട് തൃക്കാക്കര പോലിസിന്റെ പരിധിയിലായതിനാലാണ് കേസ് ഇവിടേയ്ക്ക് കൈമാറിയതെന്നും എസ് ഐ പറഞ്ഞു.ഏതാനും ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ പേര് ചേര്‍ക്കാന്‍ വിട്ടു പോയിരുന്നതാണെന്നും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരു കൂടി ചേര്‍ത്ത് വീണ്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചുവെന്നും തൃക്കാക്കര എസ് ഐ മനീഷ് പറഞ്ഞു.അന്വേഷണത്തിലൂടെ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുളളു. ഇതിനായി ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് അടക്കം പരിശോധിക്കേണ്ടതുണ്ടെന്നൂം നിലവില്‍ ലഭിച്ചിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും എസ് ഐ മനീഷ് പറഞ്ഞു.
സീറോമലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് ഈ രേഖയില്‍ കാണുന്നതെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.ഈ രേഖ ലഭിച്ച ഫാ.പോള്‍ തേലക്കാട്ട് അത് ബിഷപ് മാര്‍ ജേക്കബ്് മനത്തോടത്തിന് കൈമാറുകയും അദ്ദേഹം അത് മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു.തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് ഈ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും വ്യക്തമാക്കി. ഇതോടെ ഈ വ്യാജരേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ചമച്ച വ്യാജ രേഖയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.