പെരിന്തല്‍മണ്ണ: ജില്ലയില്‍ നിപാ വൈറസിനെക്കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും ജാഗ്രത തുടരുമെന്നും ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തലും തുടരുന്നുണ്ട്. ആശുപത്രികളിലെ ജീവനകാര്‍ക്ക് പകര്‍ച്ച വ്യാധികള്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മുന്നൊരുക്കങ്ങളും സംബന്ധിച്ചുള്ള വിഷങ്ങളില്‍ മഞ്ചേരി മെഡികോളജില്‍ വച്ച് പരിശീലനം നല്‍കി വരുന്നതായും കലക്ടര്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇടപ്പെടുന്നതിന് ഓരോ ആശുപത്രിയിലും പ്രത്യേക സംഘത്തെ തയ്യാറാക്കി നിര്‍ത്തുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഓരോ ആരോഗ്യ ബ്ലോക്കിന്റെയും നേതൃത്വത്തില്‍ ഒരു സംഘം സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശവും ക്ലാസും നല്‍കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനി വാര്‍ഡുകള്‍ സജ്ജമാണ്. പനിബാധിച്ച് ഒപിയില്‍ എത്തുന്നവരെ വരിയില്‍ നിര്‍ത്തില്ല. മറ്റു രോഗികളുമായുള്ള സമ്പര്‍ക്കമില്ലാതെ നേരിട്ട് ഡോക്ടറുടെ അടുത്ത് എത്തിക്കും. പനി കൂടുതലുള്ളവര്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്തുവരുന്നു. സന്ദര്‍ശന സമയം നിയന്ത്രിക്കാനുള്ള നിര്‍ദേശം ആശുപത്രികള്‍ക്ക് നല്‍കുമെന്നും ആശുപ്രതികളില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.