കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ തീവ്രവാദ പരാമര്‍ശം: പോലിസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ റിമാന്‍ഡ് റിപോര്‍ട്ടില്‍ തീവ്രവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയതില്‍ പോലിസിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ പോലിസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്നും ആനി രാജയുടെയും ഡി രാജയുടെയും നിരീക്ഷണം ശരിവയ്ക്കുന്നതാണ് പോലിസിന്റെ നടപടിയെന്നും സതീശന്‍ പറഞ്ഞു.
റിമാന്‍ഡ് റിപോര്‍ട്ടിലെ തീവ്രവാദ പരാമര്‍ശം ശരിയല്ല. തീവ്രവാദക്കുറ്റം ചുമത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മേല്‍ കുതിരകയറാമെന്ന് പോലിസ് വിചാരിക്കേണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഇത്തരം നടപടികള്‍ വേണ്ട. സംഘപരിവാര്‍ മനസ് ഇവിടെ നടക്കില്ലെന്നും സതീശന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ ശക്തമാണ്. സര്‍വകലാശാലകള്‍ സിപിഎം സെല്ലാക്കി മാറ്റാനാണ് ശ്രമം. നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഗവര്‍ണറും ഒപ്പിട്ടുനല്‍കിയെന്നും സതീശന്‍ കുറ്റപ്പെടുത്തി.