തബ്‌ലീഗ് സമ്മേളനം: മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് ഐഎന്‍എല്‍
രാജ്യത്തെ നിലവിലുള്ള ഒരു നിയമവും തബ്‌ലീഗ്സമ്മേളനവുമായി ബന്ധപ്പെട്ട് ലംഘിക്കപ്പെടുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍, പാര്‍ലമെന്റ് സമ്മേളനം, മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന്റെ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ ഉള്‍പ്പെടെ നടന്ന ആഴ്ചകളില്‍ തന്നെയാണ് നിസാമുദ്ദീനിലെ തബ്‌ലീഗ സമ്മേളനവും നടന്നതെന്ന് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ മുഹമ്മദ് സുലൈമാന്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ്് സമ്മേളനത്തില്‍ സംബന്ധിച്ച ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ ചിലര്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ ഉള്ളതാണെന്ന് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ മുഹമ്മദ് സുലൈമാന്‍. രാജ്യത്തെ നിലവിലുള്ള ഒരു നിയമവും തബ്‌ലീഗ്സമ്മേളനവുമായി ബന്ധപ്പെട്ട് ലംഘിക്കപ്പെടുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍, പാര്‍ലമെന്റ് സമ്മേളനം, മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന്റെ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ ഉള്‍പ്പെടെ നടന്ന ആഴ്ചകളില്‍ തന്നെയാണ് നിസാമുദ്ദീനിലെ തബ്‌ലീഗ സമ്മേളനവും നടന്നത്.
പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്തു തന്നെ തബ്‌ലീഗ് നേതാക്കള്‍ ഡല്‍ഹി സര്‍ക്കാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിഷയത്തെ ഗൗരവമായി കാണുന്നതില്‍ അധികൃതര്‍ ഗുരുതരമായ അലംഭാവം കാണിക്കുകയാണ് ചെയ്തത്. വസ്തുത ഇതായിരിക്കെ രൂപീകരണകാലംമുതല്‍ സമാധാനപരമായി രാജ്യത്തെ മുഴുവന്‍ നിയമങ്ങളെയും അനുസരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ഒരു സംഘടനയെയും,അതിന്റെ കേന്ദ്രങ്ങളെയും മുസ് ലിം സമുദായത്തെയും കൊറോണ വാഹകരായി അവതരിപ്പിച്ചുള്ള വേട്ടയാടലും ദുഷ് പ്രചരണവും മോദി - കെജ്രിവാള്‍ സര്‍ക്കാറുകളുടെ വീഴ്ചകള്‍ മറച്ചുവെക്കാനുള്ള നീചമായ ശ്രമമാണ്.
ലോകം മഹാമാരിയുടെ കെടുതികളുടെ വറുതിയിലൂടെ നീങ്ങുന്ന സമയത്തും നീചമായ വര്‍ഗീയപ്രചരണങ്ങള്‍ക്കും ആസൂത്രിതമായ പകപോക്കലുകള്‍ക്കുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. തബ്‌ലീഗ് കേന്ദ്ര ഭാരവാഹികളുടെ അപേക്ഷയില്‍ സമയോചിതമായ നടപടി സ്വീകരിക്കാത്ത ഡല്‍ഹി സര്‍ക്കാറാണ് നിസാമുദ്ദീനില്‍ കൊറോണ വൈറസ് പകരാനുള്ള മുഖ്യകാരണക്കാര്‍. അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രഫ മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.