അഴിമതി നടത്തിയെന്ന് പരാതി: കോഴിക്കോട് എംപി എം കെ രാഘവനെതിരേ പോലിസ് കേസ്
കേരള സ്‌റ്റേറ്റ് അഗ്രോ കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കണ്ണൂര്‍ പോലിസ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് എംപിയും കോണ്‍ഗ്രസ് നേതാവുമായ എം കെ രാഘവനെതിരേ പോലിസ് കേസെടുത്തു. കേരള സ്‌റ്റേറ്റ് അഗ്രോ കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കണ്ണൂര്‍ പോലിസ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് വിവരം.
2002 മുതല്‍ 2014വരെ എം കെ രാഘവന്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനായിരുന്നു. സഹകരണ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടനാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. 2009 മുതല്‍ കോഴിക്കോട് എംപിയായ എം കെ രാഘവന്‍ ഇക്കുറിയും കോഴിക്കോട് നിന്ന് മല്‍സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ അഴിമതി കേസില്‍ അന്വേഷണം വരുന്നത് എന്നത് ശ്രദ്ധേയമാണ്.