തലസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കൊവിഡ് ജാഗ്രത കർശനമാക്കിയ സാഹചര്യത്തിൽ നാളെ കോർപറേഷൻ യോഗം വിളിക്കും, എംഎൽഎമാരുടെ യോഗവും വിളിക്കും.
തിരുവനന്തപുരം: കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാളെത്തിയിട്ടുണ്ട് എന്നാണ് റൂട്ട് മാപ്പിൽ നിന്നും വ്യക്തമാകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റായും ജോലി ചെയ്യാറുണ്ട്. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടിൽ വച്ചു നടന്ന സീരിയൽ ഷൂട്ടിങിനും പോയിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാവുന്നത് വരെയുള്ള മിക്ക ദിവസങ്ങളിലും ഇയാൾ ഓട്ടോ ഓടിച്ചിട്ടുണ്ട്.
മെയ് 30 കരമനയിലെ സീരിയൽ ഷൂട്ടിങ്ങില്‍ ഇയാൾ പങ്കെടുത്തു. ഇവിടെ 15 പേരാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് ആനയറയിലേക്ക് ഓട്ടോ റിക്ഷയുമായി ഓട്ടം പോയി. ജൂൺ 5- രാവിലെ 10.30 മുതൽ 7 മണി വരെ വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര എന്നിവിടങ്ങളിൽ യാത്രക്കാരുമായി സഞ്ചരിച്ചു. ജൂൺ 6- രാവിലെ 10.15ന് പുജപ്പുര, 12.30ന് പാൽകുളങ്ങര, കുളത്തറ, കരമന എന്നിവിടങ്ങളലും പോയി. ജൂൺ 8- സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ എന്നിവിടങ്ങളില്‍ ഒട്ടോറിക്ഷയുമായി പോയി. ജൂൺ 10 - രാവിലെ 11.30 മുതൽ 1.17 വരെ പേരൂർക്കട, അമ്പലമുക്ക് എന്നിവിടങ്ങളിലും വൈകിട്ട് 6.50ന് പാറ്റൂർ, വഞ്ചിയൂർ എന്നിവിടങ്ങളിലും എത്തി. ജൂൺ 12- പനി ആരംഭിച്ചു. 11.30 ഓടെ തൃക്കണ്ണാപുരത്ത് പോയി. 4.30ന് പൂജപ്പുരയിലെ സീരിയൽ ഷൂട്ടിങ് ലോക്കേഷനിലും. ഏഴ് മണി മുതൽ ചാക്ക, കൈതമൂക്ക് എന്നിവിടങ്ങളിലും ഓട്ടോറിക്ഷയിൽ യാത്രക്കാരുമായി പോയി. ജൂൺ 13 - രാവിലെ 10ന് കാലടിയിലെ കരിക്ക് കടയിലും 11 മണിക്ക് ഐരാണി മുട്ടം ദുർഗ മെഡിക്കൽസിലും സാമൂഹികാരോഗ്യ കേന്ദ്രത്തിലും എത്തി. ജൂൺ 15- രാവിലെ 10.45 ന് ഐരാണിമുട്ടത്തെ ഉത്രം ലാബിലും സാമൂഹാരോഗ്യ കേന്ദ്രത്തിലും എത്തി. 11.30 ന് ഇന്ത്യൻ ബാങ്കിന്റെ ആറ്റുകാൽ ബ്രാഞ്ചിലും വൈകീട്ട് അഞ്ച് മണിയോടെ കാലടി ജങ്ഷനിലെ വിനായക മാർജിൻ ഫ്രീ ഷോപ്പിലും പോയി. ജൂൺ 16 - രാവിലെ 8 മണിക്ക് വഴുതക്കാട് നിന്ന് വെള്ളായണിയിലേക്ക് യാത്രാക്കാരുമായി പോയി. ജൂൺ 17 - രാവിലെ 10.30 ന് ആറ്റൂകാൽ ദേവി ട്രസ്റ്റ് ആശുപത്രിയിൽ എത്തി. ജൂൺ 18 - പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തി. തിരിച്ച് ഓട്ടോയിൽ ഐരാണിമുട്ടത്തെ വീട്ടിലേക്ക്.
കെഎൽ 01 BJ 4836 എന്നതാണ് ഇയാളുടെ ഓട്ടോയുടെ നമ്പർ. അതേസമയം, ജില്ലയിൽ കൊവിഡിൻ്റെ സാമൂഹികവ്യാപനം ഉണ്ടാകുമെന്ന ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ വിലക്കിയിട്ടില്ലെന്നും എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സമരം അനുവദിക്കൂവെന്നും പോലിസുമായി ഏറ്റുമുട്ടുന്ന സമരരീതി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ജാഗ്രത കർശനമാക്കിയ സാഹചര്യത്തിൽ നാളെ കോർപറേഷൻ യോഗം വിളിക്കും, എംഎൽഎമാരുടെ യോഗവും വിളിക്കും. ഓട്ടോ ഡ്രൈവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.