നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Update: 2023-11-14 11:53 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. സമരത്തില്‍ നിന്ന് പിന്മാറിയതായി സ്വകാര്യ ബസുടമകള്‍ അറിയിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറാന്‍ ബസുടമകള്‍ തീരുമാനിച്ചത്.140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടിയില്‍ മാറ്റമുണ്ടാക്കാമെന്ന് ചര്‍ച്ചയില്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കി. ഇതോടെയാണ് അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയത്. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കും അനുവദിക്കുന്ന കാര്യം ആലോചിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കും.

സീറ്റ് ബെല്‍റ്റ്, ക്യാമറ എന്നീ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ 31ന് മുന്‍പ് രഘുവരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്‌നസ് എടുക്കുന്ന വാഹനങ്ങള്‍ക്ക് നിര്‍ദേശങ്ങളെല്ലാം ബാധകമാണ്. നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസുടമകള്‍ ആഹ്വാനം നല്‍കിയത്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഒക്ടോബര്‍ മുപ്പതിന് സ്വകാര്യ ബസുടമകള്‍ സമരം നടത്തിയിരുന്നു.





Tags:    

Similar News