അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പ്രതി അസഫാക്ക് മുമ്പും പീഡനക്കേസില്‍ പ്രതി; ജാമ്യത്തിലിറങ്ങി മുങ്ങി

ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോള്‍ ഉള്ളത്.

Update: 2023-08-01 06:44 GMT

ആലുവ: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് പോക്സോ കേസിലെ പ്രതിയാണെന്ന് അന്വേഷണസംഘം. 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ജയിലിലായിരുന്നു. 2018ല്‍ ഡല്‍ഹിയിലെ ഗാസിപുര്‍ പോലിസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഈ കേസ് സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലിസ് പറഞ്ഞു. ഇയാള്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്നു വ്യക്തമായിയിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്. പ്രതി അസഫാഖ് ആലത്തിനെ ഞായറാഴ്ച ഉച്ചയോടെ ജയിലിലടച്ചിരുന്നു. ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോള്‍ ഉള്ളത്.






Tags:    

Similar News